ഇപി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച്ച; ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം, പിണറായിയെ മാറ്റില്ലെന്നും എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയുടെ നെടുംതൂണായ പിണറായിയെ മാറ്റുന്ന കാര്യം സിപിഎമ്മിന് മുന്നിൽ ഇല്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് എംവി ഗോവിന്ദൻ്റെ പ്രതികരണം. ഇപി ജയരാജൻ ജാവദേക്കറെ കണ്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീനർ ഇ.പി ജയരാജൻ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിക്ക് നൽകിയ പരാതി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഈ പരാതിയിൽ കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തും.
ആക്കുളത്തെ ഫ്ലാറ്റിൽ പ്രകാശ് ജവദേക്കറെ ദല്ലാള്‍ നന്ദകുമാർ എത്തിച്ചതും ശോഭാ സുരേന്ദ്രനും കെ സുധാകരനും ആരോപണം ഉന്നയിച്ചതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ജയരാജൻ പരാതിയിൽ പറയുന്നത്. പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഇപിയുടെ ആവശ്യം. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സംഭവത്തില്‍ കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം ആരംഭിക്കുക.