Kerala

പിണക്കം മറന്നു; ചായസൽക്കാരത്തിൽ കൈകൊടുത്ത് മുഖ്യമന്ത്രിയും ഗവർണറും

Spread the love

മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണക്കം മറന്ന് ഒന്നിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. സത്യപ്രതിജ്ഞയ്ക്ക് ശേഷമുണ്ടായിരുന്ന ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും ഗവർണറും കൈകൊടുത്തു. ​ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു

കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു. മന്ത്രി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്ഭവനിൽ നടന്ന ചായ സത്കാരത്തിൽ നിന്നായിരുന്നു വിട്ട് നിന്നിരുന്നത്. മുഖ്യമന്ത്രിയും ​ഗവർണർ പരസ്പരം നോക്കാതെ ഇരുന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും മറ്റ് മന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് ഒ ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. കെ രാധാകൃഷ്ണന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് എംപിയായ പശ്ചാത്തലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പാണ് ഒ ആര്‍ കേളുവിന് ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് ഒ ആര്‍ കേളു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഐഎം മന്ത്രികൂടിയാകുകയാണ് അദ്ദേഹം.