വയനാട് നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെക്കും; ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി
വയനാട് കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കും. കടുവയെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. നാല് പശുക്കളെ കടുവ ആക്രമിച്ച് കൊന്നിരുന്നു. വിവിധയിടങ്ങളിൽ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. കടുവ കൂട്ടിൽ കയറിയില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം.
ഉത്തരവിറങ്ങിയതോടെ കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് ആർആർടി സംഘം. ഇതിനിടെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശവും വനംവകുപ്പ് നൽകിയിട്ടുണ്ട്. അതിനിടെ ബാണാസുര അണക്കെട്ടിലൂടെ നീന്തി പോകുന്ന കടുവയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബോട്ട് സവാരി നടത്തിയ വിനോദ സഞ്ചാരികൾ ദിവസങ്ങൾക്കു മുമ്പ് പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് സൂചന.
റിസർവോയറിൻ്റെ ഉൾവശത്ത് വനത്താൽ ചുറ്റപ്പെട്ട മേഖലയാണിത്. സഞ്ചാരികൾ ശബ്ദമുണ്ടാക്കുന്നതും ബോട്ട് കടുവയെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. സംഭവത്തെതുടർന്ന് ഇന്ന് രാവിലെ കേണിച്ചിറയിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.