ട്രാഫിക് സിഗ്നലിൽ ഇടിച്ച കല്ലട ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
ട്രാഫിക് സിഗ്നലിൽ ഇടിച്ച കല്ലട ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്. 25 മിനിറ്റോളം ബസിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയാണ് ജിജോ മരിച്ചത്. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം.
ബാംഗ്ലൂരിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന നിരവധിപേർക്ക് പരുക്കേറ്റിരുന്നു. മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം. അപകടത്തിന് പിന്നാലെ ബസിന്റെ ഡ്രൈവർ പരുക്കുകളോടെ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാർ രക്ഷപ്രവർത്തനം നടത്തുന്നതിനിടെയാണ് ഡ്രൈവർ രക്ഷപ്പെട്ടത്. റെഡ് സിഗ്നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്.
ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ സിഗ്നലിൽ ഇടിച്ച് മറിയുകയായിരുന്നു. ബസിന് തൊട്ട് പിന്നിലുണ്ടായിരുന്ന സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടുകയും ചെയ്തു. അപകടത്തിന് കാരണം ബസിന്റെ അമിതവേഗമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. നിരവധി പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് സംഭവ സ്ഥലത്തുനിന്ന് മാറ്റി.