Kerala

പാലക്കാട് സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു; സേവ് സിപിഐ ഫോറം, സമാന്തര നീക്കവുമായി നേതാക്കൾ

Spread the love

പാലക്കാട്: പാലക്കാട് ജില്ലയിൽ സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സമാന്തര നീക്കവുമായി നേതാക്കൾ രംഗത്ത്. ഔദ്യോഗിക പക്ഷത്തിനെതിരെ സേവ് സിപിഐ ഫോറം എന്ന പേരിലാണ് സമാന്തര നീക്കം.

ജില്ലാ സമ്മേളനം, സെക്രട്ടറി തെരഞ്ഞെടുപ്പ്, അവസാനമായി വന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് തുടങ്ങി വിവാദങ്ങൾ വിട്ടൊഴിയാതെ മുന്നോട്ട് പോവുകയാണ് പാലക്കാട്ടെ സിപിഐ. ഔദ്യോഗിക പക്ഷത്തിനെതിരെ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് മുൻ മണ്ഡലം പ്രസിഡൻ്റ് പാലോട് മണികണ്ഠനെ പുറത്താക്കിയത്. ഒപ്പം മണികണ്ഠനെ പിന്തുണക്കുന്ന പട്ടാമ്പി മുൻ മണ്ഡലം സെക്രട്ടറി പികെ സുഭാഷ്, പട്ടാമ്പിയിലെ തന്നെ മുതിർന്ന നേതാവ് കോടിയിൽ രാമകൃഷ്ണൻ എന്നിവരെയും പുറത്താക്കി. ഇതോടെയാണ് ഉൾപ്പോര് കൂടുതൽ ശക്തമായത്. ഒരു വിഭാഗം പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും ലക്ഷ്യമിട്ട് ഏകപക്ഷീയ നീക്കമാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്നാണ് വിമതരുടെ വാദം.

സേവ് സിപിഐ ഫോറം എന്ന പേരിൽ പട്ടാമ്പിയിൽ കൺവെൻഷൻ വിളിച്ച് ശക്തി തെളിയിക്കാനാണ് വിമത പക്ഷത്തിൻ്റെ നീക്കം. പാർട്ടി വിരുദ്ധ നീക്കം ആരു നടത്തിയാലും കടുത്ത നടപടി എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. വിഷയങ്ങൾ കൂടുതൽ വഷളാക്കാതെ പറഞ്ഞുതീർത്ത് ഒരുമിച്ച് പോകണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.