‘ടി. പി. വധക്കേസിലെ പ്രതികളെ തുറന്നുവിടാൻ പിണറായി തീരുമാനിക്കുന്നതിൽ ഒരത്ഭുതവും മലയാളികൾ കാണാനിടയില്ല’: കെ സുരേന്ദ്രൻ
ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ടി. പി. ചന്ദ്രശേഖരൻ വധക്കേസ്സിലെ പ്രതികളെ തുറന്നുവിടാൻ പിണറായി വിജയൻ തീരുമാനിക്കുന്നതിൽ ഒരത്ഭുതവും മലയാളികൾ കാണാനിടയില്ല.
ജയിലിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വീട്ടിലെ വെറൈറ്റി ഫുഡ്, ഒന്നാന്തരം മദ്യം, ആവശ്യമെങ്കിൽ മയക്കുമരുന്ന്,കമ്യൂണിക്കേഷന്റെ ഏറ്റവും ലേറ്റസ്റ്റ് വേർഷൻസ് എല്ലാം അതായത് ഫോൺവിളിയും വാട്ട്സ് ആപ്പും മാത്രമല്ല ഫേസ് ബുക്കും ഇൻസ്റ്റാഗ്രാമും അതിനപ്പുറമുള്ളതെല്ലാം അനുവദിക്കപ്പെട്ടിരുന്നുവെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ജയിലിലിരുന്ന് സ്വർണ്ണം കടത്താം ക്വാറി നടത്താം ചെങ്കൽ ഖനനം നടത്താം കല്യാണം കഴിക്കാം കുട്ടികളെ ജനിപ്പിക്കാം അങ്ങനെ എന്തും അവർക്ക് കഴിയുമായിരുന്നു. എന്തോ പുതിയ കാര്യം സംഭവിച്ചതുപോലെയാണ് പല മാധ്യമപ്രവർത്തകരും വാർത്തകൾ കൊടുക്കുന്നത്. പ്രതിപക്ഷനേതാവ് സതീശൻജി ഞെട്ടുന്നത്. ഇതെല്ലാം എല്ലാവരും അറിഞ്ഞുകൊണ്ടുള്ള നാടകമാണ്.
വടകര എം. എൽ. എ യും ചന്ദ്രശേഖരന്റെ ധർമ്മപത്നിയുമായ കെ. കെ രമയും ഞെട്ടുന്നുണ്ടാവില്ല. കാരണം ചന്ദ്രശേഖരൻ കൊലക്കേസ്സ് പിണറായി വിജയനിലേക്ക് എത്തുമെന്നുറപ്പയപ്പോൾ സഹായത്തിനെത്തിയ കുഞ്ഞാലിക്കുട്ടിയോടും തിരുവഞ്ചൂരിനോടും ഉമ്മൻചാണ്ടിയുടെ മകനോടും പിന്നെ ആജീവനാന്ത പിണറായി ഏജന്റായ വി. ഡി സാറിനോടുമൊപ്പം അവരും ഒരു യു. ഡി. എഫ് എം. എൽ. എ ആണല്ലോ എന്നും സുരേന്ദ്രൻ കുറിച്ചു.