Kerala

ഒരു ദളിത് അംഗത്തിന് മുന്നില്‍ ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യില്ല എന്നാണോ?’ പ്രോടെം സ്പീക്കര്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കൊടിക്കുന്നില്‍ സുരേഷ്

Spread the love

പ്രോടെം സ്പീക്കര്‍ പദവിയിലേക്ക് തന്നെ പരിഗണിക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടെന്ന് തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ് എം പി. പാര്‍ലമെന്റില്‍ പാലിച്ചുവന്നിരുന്ന കീഴ്‌വഴക്കങ്ങള്‍ എല്ലാം ലംഘിക്കപ്പെട്ടുവെന്നും ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് നിയമങ്ങള്‍ പാസാക്കാന്‍ ഇത്തവണ ഇന്ത്യാ മുന്നണി അനുവദിക്കില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. എട്ട് പ്രാവശ്യമാണ് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

കൊടിക്കുന്നിലിനെ പദവിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രോടെം സ്പീക്കറിന്റെ കാര്യത്തില്‍ കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതില്‍ ഹിഡന്‍ അജണ്ടയെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. കൊടിക്കുന്നിലിനെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ തവണ അംഗമായിരുന്ന ആളെ പ്രോടെം സ്പീക്കര്‍ ആക്കുകയെന്നത് കാലങ്ങളായി കണ്ടുവരുന്ന കീഴ്‌വഴക്കമാണ്. ഇത് ലംഘിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. ദളിത് അംഗമായ തനിക്ക് മുന്നില്‍ ബിജെപി അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള മടി കൊണ്ടാണോ തന്നെ പദവിയില്‍ നിന്ന് മാറ്റിയതെന്നും കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചിരുന്നു. മുന്‍പ് കോണ്‍ഗ്രസും ബിജെപി തന്നെയും ഭരിച്ചിരുന്നപ്പോഴൊക്കെ സീനിയോരിറ്റി അനുസരിച്ചാണ് പ്രോടെം സ്പീക്കര്‍ പദവി നല്‍കിയിരുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.