അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി; കെജ്രിവാളിന് ഇന്ന് പുറത്തിറങ്ങാന്‍ കഴിയില്ല
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിന് സ്‌റ്റേ. ഡല്‍ഹി ഹൈക്കോടതിയുടേതാണ് നടപടി. തങ്ങളുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെടുകയും ഹൈക്കോടതി സ്‌റ്റേ അനുവദിക്കുകയുമായിരുന്നു. ഇ ഡിയുടെ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് ജാമ്യത്തിന് താത്ക്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്. കേസില്‍ ഇന്നലെയാണ് ഡല്‍ഹിയിലെ റൗസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം നല്‍കിയത്. ഇതിന് സ്‌റ്റേ വന്ന സാഹചര്യത്തില്‍ കെജ്രിവാളിന് ഇന്ന് ജയിലിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.
കെജ്രിവാളിനെതിരെ യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍ നാളിതുവരെയായിട്ടും ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാളിനെതിരെ ഇ ഡി ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേസില്‍ മാപ്പുസാക്ഷിയായവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ ഇന്നലെ റൗസ് അവന്യു കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ ഡിയുടെ വാദം. ആരോപണങ്ങളല്ലാതെ കെജ്രിവാളിനെതിരെ കോടതിയില്‍ അനുബന്ധ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.
മാര്‍ച്ച് 21നാണ് കേസുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ അറസ്റ്റിലാകുന്നത്. കെജ്രിവാളിന്റെ അറസ്റ്റിന് മൂന്നുമാസം തികയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. റൗസ് അവന്യൂ കോടതി സ്‌പെഷ്യല്‍ ജഡ്ജ് നിയയ് ബിന്ദുവാണ് കെജ്രിവാളിന് ഇന്നലെ ജാമ്യം അനുവദിച്ചിരിക്കുന്നത്. മദ്യനയം നിര്‍മിക്കുന്നതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു കേസ്.