Kerala

‘വിഴിഞ്ഞം പദ്ധതിയ്ക്കായി ഒരു പക്ഷവും ചേരാതെ കൂടുതല്‍ നിക്ഷേപം കേന്ദ്രത്തോട് ആവശ്യപ്പെടും’: വിഴിഞ്ഞം സന്ദര്‍ശിച്ച് മന്ത്രി സുരേഷ് ഗോപി

Spread the love

നിര്‍മാണം നടക്കുന്ന വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. ലോകം കാംക്ഷിക്കുന്ന ഏറ്റവും പ്രായോഗികമായ ഒരു തുറമുഖമാകും വിഴിഞ്ഞം. കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് വിഴിഞ്ഞം തുറമുഖത്ത് ഇനിയും വിപുലീകരിക്കേണ്ടി വരും. റെയില്‍വേ ഉള്‍പ്പെടെ ഉള്ളവ ഇനിയും തുടങ്ങേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും കേന്ദ്രമന്ത്രി എന്ന നിലയില്‍ ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ നിക്ഷേപം പദ്ധതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി വിഴിഞ്ഞത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയ്ക്കായി ഒരു പക്ഷവും ചേരാതെ കൂടുതല്‍ നിക്ഷേപം താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മുതലപ്പൊഴിയില്‍ ശാന്തമായി കാര്യങ്ങള്‍ തീരുമാനിക്കും. മത്സ്യ കര്‍ഷകരുടെ കാര്യത്തില്‍ ആദരവോടെ കാര്യങ്ങള്‍ ചെയ്യണം. ദീര്‍ഘകാല അടിസ്ഥാനത്തില്‍ തന്നെ മുതലപ്പൊഴിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം മന്ത്രി എന്ന നിലയില്‍ വിഴിഞ്ഞവുമായും മുതലപ്പൊഴിയുമായി ബന്ധപ്പെട്ട കൂടുതല്‍ സാധ്യതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ട സിപിഎം സമിതിയിലെ പരാമര്‍ശങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. ജനങ്ങളുടെ വിധിയെ മാനിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് തന്റെ വിജയത്തിന്റെ മഹത്വം കാണാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ജനങ്ങള്‍ വിധി എഴുതിയ കാര്യത്തില്‍ പിന്നെയും പിന്നെയും ചികയുന്നത് എന്തിനാണെന്നും ജനത്തിന്റെ തീരുമാനത്തെ അപമാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.