National

തമിഴ്‌നാട് വ്യാജ മദ്യ ദുരന്തം; മരണം 36 ആയി; റിപ്പോർട്ട് തേടി ഗവർണർ

Spread the love

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 36 ആയി. 66 പേർ ചികിത്സയിൽ തുടരുകയാണ്. 22 പേരുടെ നില​ ​ഗുരുതരമാണ്. മദ്യദുരന്തത്തിന്റെ എല്ലാ കാരണങ്ങളും അന്വേഷിച്ച് കണ്ടെത്തുമെന്ന് തമിഴ്‌നാട് സർക്കാർ. അതേസമയം സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കുന്നുണ്ട്.

മദ്യ വിൽപന നടത്തിയ ഗോവിന്ദരാജ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. അഞ്ച് പേർ കൂടി പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

കള്ള കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ അണ്ണാമലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകും. മദ്യമാഫിയെ പ്രോത്സാഹിപ്പിക്കുന്നത് സംസ്ഥാന സർക്കാരും ഡിഎംകെയും ആണെന്ന് ബിജെപി ആരോപിച്ചു.

വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു. എസ്പി സമയ്‌സിങ് മീനയെ സസ്‌പെൻഡ് ചെയ്തു. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.