National

‘ജനം അവളിൽ എന്നെക്കാണും, അവൾ ശോഭിക്കും, 21ാം നൂറ്റാണ്ട് അവളുടേതാകും’: അന്ന് ഇന്ദിര ഗാന്ധി പ്രിയങ്കയെ കുറിച്ച് പറഞ്ഞത് സത്യമാകുമോ?

Spread the love

കോൺഗ്രസിൻ്റെ നേതൃത്വത്തിലേക്ക് പ്രിയങ്ക എത്തണമെന്നായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ആഗ്രഹം. ഇന്ദിരാ ഗാന്ധി മരിക്കുന്നതുവരെയും പ്രിയങ്കയ്ക്ക് രാഷ്ട്രീയ പാഠങ്ങൾ പകർന്നു നൽകിയിരുന്നു. ‘ദി ചിനാർ ലീവ്സ്: എ പൊളിറ്റിക്കൽ മെമോയർ’ എന്ന ഫൊടേദാറിൻ്റെ പുസ്തകത്തിൽ ഇന്ദിര ഗാന്ധിയ്ക്ക് പ്രിയങ്കയെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധിയായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു. എന്നാൽ പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് വരുന്നതിനോട് സോണിയാ ഗാന്ധിക്ക് താൽപര്യമില്ലായിരുന്നെന്നും ഫൊടേദാർ പുസ്തകത്തിൽ പറയുന്നുണ്ട്. അവർക്ക് മക്കളുടെ ജീവനെക്കുറിച്ചുള്ള ആകുലതയായിരുന്നു. എന്നാൽ രാജീവ് ഗാന്ധിയുടെ മരണത്തേത്തുടർന്ന് സോണിയാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ നിർബന്ധിതയാവുകയും ചെയ്തു. എപ്പോഴും അമ്മയ്ക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും ഒപ്പം പ്രിയങ്കയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചില്ലെങ്കിലും പ്രചാരണ പരിപാടികളിൽ പ്രിയങ്ക സജീവമായി പങ്കെടുത്തു. അവർ പങ്കെടുക്കുന്ന പരിപാടികളിൽ ജനം തിങ്ങിനിറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ വാക്കുകൾ പോലെ ജനം പ്രിയങ്കയിലൂടെ ഇന്ദിരയെത്തന്നെ കണ്ടു. ഇപ്പോഴിതാ രാഹുൽ ഗാന്ധിക്ക് പകരം വയനാട്ടിൽ അവർ മത്സരിക്കാൻ ഒരുങ്ങുകയാണ്.

പ്രിയങ്ക ഗാന്ധി ജനിച്ച വീണത് തന്നെ ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തിലാണ്. ‘പ്രിയങ്ക’ എന്ന പേര് നിർദ്ദേശിച്ചതും ഇന്ദിരാ ഗാന്ധിയാണ്. അടിമുടി രാഷ്ട്രീയം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു വളർന്നതും. പ്രിയങ്കയ്ക്ക് വെറും 12 വയസ്സുള്ളപ്പോഴാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മുത്തശി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഏഴ് വർഷത്തിന് ശേഷം അച്ഛൻ രാജീവ് ഗാന്ധി പ്രചാരണ റാലിക്കിടെ തമിഴ് പുലികൾ ആസൂത്രണം ചെയ്ത സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. രാജീവ് ഗാന്ധിയുടെ മരണത്തോടെ പ്രിയങ്ക ഗാന്ധിയെ രാഷ്ട്രീയത്തിൽ ഇറക്കണമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. രാജീവ് ഗാന്ധിയുടെ ശവസംസ്കാര ചടങ്ങ് നടക്കുമ്പോഴും പ്രിയങ്കയെ പിൻഗാമിയാക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സോണിയാ ഗാന്ധിയും രാജീവും പ്രിയങ്കയും പെട്ടെന്നു തന്നെ പൊതുശ്രദ്ധയിൽ നിന്ന് മറഞ്ഞു. സൈക്കോളജിയിൽ ബിരുദവും, ബുദ്ധിസ്റ്റ് സ്റ്റഡീസിൽ മാസ്റ്റേഴ്സും പൂർത്തിയാക്കി 25 വയസ്സിൽ ബിസിനസുകാരനായ റോബർട്ട് വദ്രയുമായുള്ള വിവാഹസമയത്താണ് പ്രിയങ്ക പിന്നീട് പൊതുസമൂഹത്തിന് മുമ്പിൽ എത്തിയത്.

ഇന്ദിരയും പ്രിയങ്കയും

രൂപത്തിൽ മാത്രമല്ല, ജീവിതത്തിലും ഇന്ദിരാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തമ്മിലേറെ സാമ്യതകളുണ്ട്. 1952ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് ഇന്ദിരാ ഗാന്ധിയോട് ആവശ്യപ്പെട്ടെങ്കിലും രാജീവും സഹോദരൻ സഞ്ജയും ചെറിയ കുട്ടികളാണെന്ന കാരണത്താൽ അവർ അതിന് തയ്യാറായിരുന്നില്ല. പ്രിയങ്കയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാതിരുന്നതിൻ്റെ മുഖ്യകാരണം മക്കളായ റെയ്ഹാനും, മിറായയും ആയിരുന്നു. എന്നാൽ ഇരുവരും പാർട്ടിക്കുവേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു താനും. 1977ൽ ജനതാപാർട്ടി അധികരത്തിലെത്തിയ സമയത്ത് ഒരാഴ്ചക്കാലത്തോളം ഇന്ദിരാ ഗാന്ധി ജയിലിൽക്കിടന്നു. ഇക്കാലയളവിൽ വീട്ടിൽ നിന്ന് സോണിയ ഗാന്ധി എത്തിക്കുന്ന ഭക്ഷണം മാത്രമായിരുന്നു ഇന്ദിരാ ഗാന്ധി കഴിച്ചിരുന്നത്. ഓരോ തവണ ജയിലിലെത്തുമ്പോഴും രാഹുൽ അല്ലെങ്കിൽ പ്രിയങ്കയും സോണിയയ്ക്കൊപ്പമുണ്ടായിരുന്നു. അഞ്ചുവയസ്സുകാരിയായ പ്രിയങ്ക മുത്തശിയെ ജയിലിൽപ്പോയി കണ്ടു. പ്രിയങ്കയിലെ രാഷ്ട്രീയക്കാരിയെ ഇന്ദിരാ ഗാന്ധി പരുവപ്പെടുത്തിയെടുത്തത് ഇങ്ങനെയാണ്. ഉയർച്ചയും താഴ്ചയും നേരിടാനും കുടുംബത്തെ ചേർത്തുപിടിക്കാനും നെഹ്റു-ഗാന്ധി പാരമ്പര്യം രാഹുലിനെയും പ്രിയങ്കയെയും പരിചയപ്പെടുത്താനും ഇതുവഴി സാധിച്ചു.

ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ കൂർമ്മബുദ്ധിയും പ്രസംഗ ശൈലിയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷിയും പ്രിയങ്കയ്ക്ക് ജന്മനാ ലഭിച്ചതായി മുതിർന്ന കോൺഗ്രസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രാജസ്ഥാനിലും ഛത്തീസ്ഢിലും ഹിമാചൽ പ്രദേശിലും പാർട്ടി പ്രതിസന്ധി നേരിട്ടപ്പോൾ ഒത്തുതീർപ്പ് ഫോർമുലയുമായി എത്തിയത് പ്രിയങ്കയായിരുന്നു. പ്രിയങ്ക അതിൽവിജയിക്കുകയും ചെയ്തു. 2004, 2009 വർഷങ്ങളിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്റ്റാർ പ്രചാരക പ്രിയങ്കാ ഗാന്ധിയായിരുന്നു. രണ്ടുതവണയും യുപിഎ സർക്കാർ അധികാരത്തിലെത്തി. ഓരോ തെരഞ്ഞെടുപ്പിലും അമേഠിയിലും റായ്ബറേലിയിലും ഒരേസമയം പ്രയങ്ക ഓടിയെത്തി. സോണിയ ഗാന്ധി ചികിത്സയ്ക്കായി അമേരിക്കയിൽ പോയപ്പോൾ റായ്ബറേലിയുടെ ചുമതല പ്രിയങ്കയ്ക്കായിരുന്നു. കോൺഗ്രസ് കോട്ടയായിരുന്ന അമേഠി വീണപ്പോഴും റായ്ബറേലി കോൺഗ്രസിനൊപ്പം നിൽക്കാനുള്ള കാരണവും പ്രിയങ്കയുടെ പ്രവർത്തനങ്ങളാണ്.

ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ട് 15 വർഷങ്ങൾക്കുശേഷം 1967ലാണ് ഇന്ദിരാ ഗാന്ധി മത്സരിച്ചതും അധികാരത്തിലേറിയതും. 1998ൽ ആണ് പ്രിയങ്ക ആദ്യമായി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 26 വർഷങ്ങൾക്കിപ്പുറം 52ാം വയസ്സിൽ പ്രിയങ്ക തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ്. എല്ലാ പ്രതിസന്ധികളിലും കോൺഗ്രസിനൊപ്പം നിലകൊണ്ടിട്ടുള്ള കേരളത്തിൽ നിന്നാണ് അവർ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ജവഹർലാലൽ നെഹ്റുവിൻ്റയും, ഇന്ദിരാ ഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും പിൻഗാമയായി പ്രയങ്ക എത്തുമ്പോൾ രാജ്യമെങ്ങുമുള്ള കോൺഗ്രസ് പ്രവർത്തകരും ആവേശത്തിലാണ്. വർഷങ്ങളായി കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ച പരിചയവും, കഴിഞ്ഞ 10 വർഷമായി രാഹുലിനൊപ്പം ഹൃദയഭൂമിയിൽ നടത്തിവരുന്ന പോരാട്ടങ്ങളിൽനിന്നും കരുത്താർജ്ജിച്ചാണ് പ്രിയങ്ക തെരഞ്ഞെടുപ്പിനെ നേരിടുന്നത്