മൂന്നാർ ഭൂമി പ്രശ്നം: സ്പെഷ്യൽ ഓഫീസറെ നിയമിക്കണം; സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി
ഇടുക്കി: മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ അടിയന്തരമായി സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടർക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം. പൊലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നൽകുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം. വ്യാജ പട്ടയങ്ങൾ നൽകിയതും റവന്യൂ രേഖകളിലടക്കം കൃത്രിമം നടത്തിയതും സ്പെഷൽ ഓഫീസർ പരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു
പുതിയ പട്ടയം നൽകുന്നതിന്‍റെ മേൽ നോട്ടച്ചുമതലയും ഈ ഉദ്യോഗസ്ഥനാകണം. ഇടുക്കി ജില്ലാ കലക്ടറെ മാറ്റാൻ അനുവദിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം പിന്നീട് പരിഗണിക്കാനും ആദ്യം സ്പെഷൽ ഓഫീസറെ നിയമിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാർ പോലെ മനോഹരമായ ഭൂഭാഗത്തെ അനധികൃത കെട്ടിടനിർമാണത്തിലൂടെ നശിപ്പിച്ചത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി പറഞ്ഞു. മൂന്നാർ കേസുകൾ അടുത്ത ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.