നവാഗതരായ ജോര്‍ജിയ പൊരുതി തോറ്റു; തുര്‍ക്കിയുടെ ജയം 3-1ന്
നിര്‍ഭയരായി വീറുറ്റ പോരാട്ടം കാണിച്ചുവെച്ചാണ് തോറ്റെങ്കിലും ജോര്‍ജിയ കളം വിട്ടത്. ശരിക്കും ആവേശം നിറക്കുന്ന ത്രില്ലര്‍ മത്സരമായിരുന്നു യൂറോയില്‍ ഗ്രൂപ്പ് എഫില്‍ തുര്‍ക്കിയും ജോര്‍ജിയയും കാഴ്ച്ചവെച്ചത്. ആക്രമണങ്ങള്‍ക്ക് പിറെ പ്രത്യാക്രമണങ്ങളും നിറഞ്ഞ മത്സരത്തില്‍ അവസാന നിമിഷം വരെ തുര്‍ക്കിയോട് ജൊര്‍ജിയ പൊരുതി നിന്നു. 25-ാം മിനിറ്റില്‍ മെര്‍ട്ട് മള്‍ഡറുടെ ഗോളില്‍ തുര്‍ക്കി ലീഡ് എടുത്തു. ഏഴ് മിനിറ്റിന്റെ മാത്രം ഇടവേളയെ അതിനുണ്ടായിരുന്നുള്ളു. 32-ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്സെയിലൂടെ ജോര്‍ജിയ ഒപ്പമെത്തി.
കളിയങ്ങനെ വീറും വാശിയും നിറഞ്ഞ സുന്ദര നീക്കങ്ങളിലൂടെ മുന്നേറവെ 65-ാം മിനിറ്റില്‍ റയല്‍ മഡ്രിഡ് താരം 19-കാരന്‍ ആര്‍ദ ഗുലെര്‍ തുര്‍ക്കിക്ക് വീണ്ടും ലീഡിന് വഴിയൊരുക്കി. ഇതുവരെ നടന്ന മത്സരങ്ങളില്‍ എടുത്താല്‍ സുന്ദരമായ ഗോളാണ് പയ്യന്‍ നേടിയത്. ഒരു ലോങ് റേഞ്ചറിലൂടെ പന്തിനെ വലതു മൂലയില്‍ കൊണ്ടിറക്കുകയായിരുന്നു. ഇന്‍ജുറി ടൈമില്‍ സമനില ഗോളിനായുള്ള ജോര്‍ജിയയുടെ ശ്രമത്തിനിടെ മുഹമ്മദ് കെരം ആക്ടര്‍കോലുവിലൂടെ മൂന്നാം ഗോളും ജയവും സ്വന്തമാക്കുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമും ആക്രമണം അഴിച്ചുവിട്ടു. എങ്കിലും തുര്‍ക്കിയായിരുന്നു ആക്രമണങ്ങളില്‍ ആധിപത്യം പുലര്‍ത്തിയത്. ആര്‍ദ ഗുലെറും ഒര്‍ക്കുണ്‍ കൊക്കുവും കെനാന്‍ യില്‍ഡിസും യില്‍മാസും ചേര്‍ന്ന് തുടര്‍ച്ചയായി ജോര്‍ജിയന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയപ്പോഴും ജോര്‍ജിയന്‍ പ്രതിരോധ നിര പിടിച്ചു നിന്നു. പത്താം മിനിറ്റില്‍ കാന്‍ അയ്ഹാന്‍ അടിച്ച പന്ത് പോസ്റ്റിലിടിച്ച് പുറത്തുപോയി.
തുര്‍ക്കി ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ ജോര്‍ജിയ തങ്ങളുടെ ബാക്ക്ലൈന്‍ ഒന്നുകൂടി ശക്തമാക്കി. എന്നാല്‍ 25-ാം മിനിറ്റില്‍ തുര്‍ക്കി ആദ്യ വെടിപൊട്ടിച്ചു. ഫെര്‍ഡി കഡിയോലു ബോക്സിലേക്കടിച്ച പന്ത് ജോര്‍ജിയന്‍ ഡിഫന്‍ഡര്‍ ലാഷ ഡാലി ഹെഡ് ചെയ്തകറ്റിയത് മെര്‍ട്ട് മള്‍ഡറുടെ കാല്‍പ്പാകത്തിനായിരുന്നു. താരത്തിന്റെ കിടിലനൊരു വോളി ജോര്‍ജിയന്‍ ഗോള്‍കീപ്പര്‍ ജിയോര്‍ജി മമര്‍ദഷ്വിലിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തി. തൊട്ടുപിന്നാലെ മറ്റൊരു അതിവേഗ മുന്നേറ്റത്തിനൊടുവില്‍ യില്‍ഡിസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായിരുന്നു.
ഗോള്‍വീണതോടെ ജോര്‍ജിയ ഉണര്‍ന്നു. 32-ാം മിനിറ്റില്‍ അവര്‍ ഒപ്പമെത്തുകയും ചെയ്തു. ബോക്സിന്റെ വലതുഭാഗത്ത് തുര്‍ക്കി ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്തുകയറി ജിയോര്‍ജി കൊഷോറാഷ്വിലി നല്‍കിയ പന്ത് ജോര്‍ജ് മിക്കൗടാഡ്സെ വലയിലാക്കുകയായിരുന്നു. ഒരു മേജര്‍ ടൂര്‍ണമെന്റിലെ ജോര്‍ജിയയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. മിനിറ്റുകളുടെ ഇടവേളയില്‍ ജോര്‍ജിയ ഒരിക്കല്‍ കൂടി ഗോളിനടുത്തെത്തി. പക്ഷേ ഇത്തവണ മിക്കൗടാഡ്സെയുടെ ഷോട്ട് പുറത്തുപോയി. ആദ്യ പകുതി 1-1-ല്‍ അവസാനിച്ചതിനു പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജോര്‍ജിയ ആക്രമണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ആല്‍പെര്‍ യില്‍മാസിന്റെ ക്രോസില്‍ നിന്നുള്ള മള്‍ഡറുടെ ഷോട്ട് തുര്‍ക്കി ഗോളി മമര്‍ദഷ്വിലി അനായാസം പിടിച്ചെടുത്തു. എന്നാല്‍ ഹകാന്‍ കലനോലുവിന്റെ മുന്നേറ്റങ്ങളും ത്രൂപാസുകളും രണ്ടാം പകുതിയില്‍ ജോര്‍ജിയന്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.