Thursday, December 26, 2024
Latest:
Kerala

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം; LDF ജനങ്ങളിൽ നിന്ന് അകന്നതാണ് തോൽവിക്ക് കാരണം’; സർക്കാരിനെ വിമർശിച്ച് പാലക്കാട് CPI

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം സിപിഐയിൽ തുടരുകയാണ്. ഇപ്പോൾ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിലും സർക്കാരിനെ രൂക്ഷമായി വിമർശനം ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്നും തെറ്റ് തിരുത്തൽ വേണമെന്നും ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.

എൽഡിഎഫ് ജനങ്ങളിൽ നിന്ന് അകന്നതാണ് ലോക് സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്നാണ് പാലക്കാട് ജില്ലാ കൗൺസിലിന്റെ വിലയിരുത്തൽ. ക്ഷേമ പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ സാധനങ്ങൾ ലഭിക്കാത്തതും തിരിച്ചടിയായെന്ന് കൗൺസിൽ വിലയിരുത്തി. അതേസമയം കെ ഇ ഇസ്മയിലിനെതിരെയും വിമർശനം ഉയർന്നു. സർക്കാരിനെതിരായ പരസ്യപ്രസ്താവനയിലാണ് കെഇ ഇസ്മയിലിന് ജില്ലാ കൗൺസിലിൽ വിമർശനം നേരിട്ടത്.

സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിമർശനം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നായിരുന്നു ജില്ലാ കൗൺസിലിലെ വിമർശനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണം പാർട്ടി വോട്ടുകളിലെ ചോർച്ചയെന്ന് സിപിഐഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.‌ അതേസമയം എൽഡിഎഫിന്റെ കനത്ത തോൽവിയിൽ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും നേരെ സിപിഐഎം സംസ്ഥാന സമിതിയിൽ പ്രതിനിധികൾ ആഞ്ഞടിച്ചു. ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്.