പി പി സുനീറും ജോസ് കെ മാണിയും ഹാരിസ് ബീരാനും രാജ്യസഭാ എംപിമാര്‍
കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ഘടകകക്ഷികളായ സിപിഐയുടെ പി.പി. സുനീര്‍, കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ. മാണി, യുഡിഎഫിലെ മുസ്ലിം ലീഗിന്റെ അഡ്വ ഹാരിസ് ബീരാന്‍ എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയും വിജയിപ്പിക്കാന്‍ സാധിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സേലം സ്വദേശി ഡോ. പത്മരാജന്റെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. ഇതോടെ മത്സരരംഗത്ത് മുന്നണി സ്ഥാനാര്‍ഥികളായ മൂന്നുപേര്‍ മാത്രമായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചതോടെ വരണാധികാരിയായ നിയമസഭാ സ്‌പെഷ്യല്‍ സെക്രട്ടറി ഷാജി സി. ബേബി വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.