ഉച്ച മുതല്‍ ജിയോ സേവനങ്ങള്‍ പണിമുടക്കി; വലഞ്ഞത് ആയിരക്കണക്കിന് ഉപയോക്താക്കള്‍
രാജ്യത്ത് ജിയോയുടെ നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ഇന്ന് ഉച്ചമുതല്‍ പണിമുടക്കി. രാജ്യത്തെ ആയിരക്കണക്കിന് ജിയോ ഉപഭോക്താക്കള്‍ക്കാണ് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. 2477 ജിയോ ഉപയോക്താക്കള്‍ പ്രയാസം നേരിട്ടതായി ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റ് പുറത്തുവിട്ട വിവരങ്ങള്‍ തെളിയിക്കുന്നു. കേരളത്തിലും നിരവധി പേര്‍ക്കാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ജിയോ ഫൈബര്‍ സേവനങ്ങളും തടസപ്പെട്ടത്.
ജിയോ കമ്പനിയുടെ ബ്രോഡ് ബാന്‍ഡ് സര്‍വീസായ ജിയോ ഫൈബറുമായി ബന്ധപ്പെട്ടാണ് 57 ശതമാനത്തോളം നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളും ഉണ്ടായിരിക്കുന്നതെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് ശതമാനത്തോളം ജിയോ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈലിലെ ഇന്റര്‍നെറ്റാണ് പണി കൊടുത്തത്.
ഉച്ചയ്ക്ക് 1.53നാണ് ഏറ്റവും കൂടുതല്‍ ജിയോ ഉപയോക്താക്കള്‍ക്ക് നെറ്റ് വര്‍ക്ക് തടസ്സം നേരിടേണ്ടി വന്നത്. തൊഴില്‍ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ജിയോ ഫൈബറിനെ ആശ്രയിക്കുന്നവര്‍ ഉള്‍പ്പെടെ ഈ സമയത്ത് വല്ലാതെ വലഞ്ഞു. ഡല്‍ഹി, ലഖ്‌നൗ, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ഇന്‍ഡോര്‍, ചെന്നൈ, ബംഗളൂരു, മധുരൈ, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് കൂടുതല്‍ തടസ്സങ്ങളുണ്ടായത്. എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജിയോയ്‌ക്കെതിരെ വ്യാപക പരാതികളും ട്രോളുകളുമായി ഉപയോക്താക്കള്‍ രംഗത്തെത്തിയിരുന്നു.