Kerala

എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ

Spread the love

പാലക്കാട്: തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ. പാലക്കാട് യുഡിഎഫിന് മികച്ച സ്ഥാനാർഥിയുണ്ടാകുമെന്നും യോഗ്യരായ നിരവധി പേർ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. നടൻ രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ഷാഫി കൂട്ടിച്ചേർത്തു.

വടകരയിലെ ‘കാഫിർ’ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഈ സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ട സി.പി.എം നേതാക്കളുടെ പങ്ക് കൂടി പുറത്തു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കാഫിർ വിഷയത്തിൽ കെ.കെ ലതികയെ വ്യക്തിഹത്യ നടത്താൻ യുഡിഎഫ് നീക്കം നടത്തുന്നതായി സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി നടത്തിയ വർഗീയ പ്രചാരണത്തിന് പിന്നിൽ അറിയപ്പെടുന്ന സിപിഎം നേതാക്കൾ ആയിരുന്നു. ഹീനമായ വർഗീയ പ്രചാരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പൊലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.