‘സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര, ചേതനയറ്റ് മടങ്ങി; അവരുടെ കുടുംബങ്ങളെ ചേര്‍ത്തു പിടിക്കും’: ഷാഫി പറമ്പിൽ
കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു.
ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകളെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര. ചേതനയറ്റ്, കണ്ണീര്‍ക്കടലായി മടങ്ങി. ഇനി അവര്‍ ഓര്‍മ്മകളാണ്. അവരുടെ കുടുംബങ്ങളെ നമ്മള്‍ ചേര്‍ത്തു പിടിക്കുമെന്നും ഷാഫി പറഞ്ഞു. കണ്ണീരോടെ കേരളം നിങ്ങള്‍ക്ക് യാത്രാമൊഴിനല്‍കുന്നുവെന്നും കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, മറ്റ് മന്ത്രിമാര്‍ എന്നിവരടക്കം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
വൈകാരിക രംഗങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.30ഓടെ ആംബുലന്‍സുകളില്‍ അതാത് സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി തുടങ്ങി. ഓരോ ആംബുലന്‍സുകളെയും ഒരു അകമ്പടി വാഹനവും അനുഗമിക്കുന്നുണ്ട്.തമിഴ്നാട്ടുകാരായ 7പേരുടെയും മൃതദേഹം ആംബുലന്‍സുകളില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.