സർക്കാർ നൽകിയ ഫ്ലാറ്റിൽ താമസം തുടങ്ങാനാവാതെ മുസ്ലിം സ്ത്രീയും മകനും: 33 കുടുംബങ്ങളുടെ പ്രതിഷേധം കാരണം
മറ്റ് താമസക്കാരുടെ പ്രതിഷേധം മൂലം സർക്കാർ അനുവദിച്ച ഫ്ലാറ്റിനകത്ത് താമസം തുടങ്ങാനാവാതെ മുസ്ലിം സ്ത്രീയും മകനും. വഡോദരയിലെ ഹർണിയിൽ സ്ഥാപിച്ച 462 ഫ്ലാറ്റുകൾ അടങ്ങുന്ന ബഹുനില സമുച്ചയത്തിലെ കെ 204 ഫ്ലാറ്റ് ലഭിച്ച മുസ്ലിം സ്ത്രീക്കും മകനും ആറ് വർഷമായിട്ടും ഇവിടെ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. താഴ്ന്ന വരുമാനമുള്ളവർക്കുള്ള ഭവന പദ്ധതിയായ മുഖ്യമന്ത്രി ആവാസ് യോജന പ്രകാരം വഡോദര മുനിസിപ്പൽ കോർപറേഷൻ അനുവദിച്ചതാണ് ഫ്ലാറ്റ്. എന്നാൽ ഇതേ കെട്ടിട സമുച്ചയത്തിൽ താമസിക്കുന്ന മോത്‌നാഥ് റെസിഡൻസി കോഓപ്പറേറ്റീവ് ഹൗസിങ് സർവീസസ് സൊസൈറ്റ് ലിമിറ്റഡിൽ അംഗങ്ങളായ 33 കുടുംബങ്ങൾ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നതാണ് അമ്മയ്ക്കും മകനും തിരിച്ചടിയായത്.
മുസ്ലിം സ്ത്രീയെ ഒപ്പം താമസിപ്പിക്കുന്നത് ശല്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് 33 കുടുംബങ്ങളുടെ പരാതി. ആറ് വർഷം മുൻപ് ഫ്ലാറ്റ് അനുവദിച്ചപ്പോൾ തന്നെ സംഭവത്തിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. 2020 ൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയച്ചു. ഫ്ലാറ്റ് അനുവദിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ഫ്ലാറ്റ് കെട്ടിടത്തിലെ എല്ലാ താമസക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ഹർണി പൊലീസ് തുടർ നടപടികളൊന്നും സ്വീകരിച്ചില്ല. ഇക്കഴിഞ്ഞ ജൂൺ 10 മുതൽ പ്രതിഷേധം വീണ്ടും ശക്തമായി.
പൊതുതാത്പര്യം മുൻനിർത്തിയുള്ള അപേക്ഷയെന്ന് വ്യക്തമാക്കി 33 കുടുംബങ്ങളിൽ നിന്നുള്ളവർ ഒപ്പിട്ട പരാതി ജില്ലാ കളക്ടർക്കും മേയർക്കും വഡോദര മുനിസിപ്പൽ കമ്മീഷണർക്കും നൽകി. തങ്ങൾക്കൊപ്പം ഇവരെ താമസിപ്പിക്കരുതെന്നും മറ്റൊരു ഇടത്തേക്ക് ഇവരെ മാറ്റണമെന്നുമാണ് 33 കുടുംബങ്ങളുടെയും ആവശ്യം. 461 കുടുംബങ്ങൾ സമാധാനത്തോടെ കഴിയുന്ന സ്ഥലത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുക്കളായ അയൽക്കാരുള്ളതിനാലാണ് പലരും ഈ ഫ്ലാറ്റ് സമുച്ചയത്തിൽ ഫ്ലാറ്റ് ബുക്ക് ചെയ്തത്. മറ്റ് മതസ്ഥരായവരെ തങ്ങളുടെ കോളനിയിൽ താമസിപ്പിക്കാനാവില്ലെന്നും പരാതിക്കാരായവർ പറയുന്നു.
തൻ്റെ മാതാപിതാക്കൾക്കും മകനുമൊപ്പം വഡോദരയിൽ തന്നെ മറ്റൊരു ഇടത്താണ് സ്ത്രീ ഇപ്പോൾ താമസിക്കുന്നത്. ഈ പ്രതിഷേധം മൂലം കഠിനാധ്വാനം ചെയ്ത് നേടിയ ഈ ഫ്ലാറ്റ് വിൽക്കാൻ തയ്യാറല്ലെന്ന് അവർ പറയുന്നു. ഫ്ലാറ്റിൻ്റെ മെയിൻ്റനൻസ് ഫീസടക്കാൻ മാനേജിങ് കമ്മിറ്റി പറയുന്നുണ്ട്. റസിഡൻ്റ് സർട്ടിഫിക്കറ്റ് നൽകിയാലേ ഫീസടക്കൂ. മുനിസിപ്പൽ കോർപറേഷന് ഒറ്റത്തവണ മെയിൻ്റനൻസ് ഫീസായി 50000 രൂപ ഇതിനോടകം നൽകിയിട്ടുണ്ട്. സർക്കാർ തനിക്ക് അവിടെ താമസിക്കാനുള്ള അവകാശം നിഷേധിച്ചിട്ടില്ല. അതിനാൽ നിയമപരമായി എന്ത് വഴി സ്വീകരിക്കുമെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.