Monday, January 27, 2025
Kerala

ഏറ്റവും ഒടുവിലായി പരിശോധിച്ചത് 2011ല്‍; മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ സുരക്ഷാ പരിശോധന ഉടൻ വേണമെന്ന് കേരളം

Spread the love

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണമെന്ന ശക്തമായ ആവശ്യവുമായി കേരളം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍, ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷ പരിശോധന നടത്താൻ കഴിയുവെന്ന നിലപാടിലാണ് തമിഴ് നാട്.

2011 ലാണ് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷ പരിശോധന നടത്തിയത്. കേരളത്തിന്‍റെ ആവശ്യത്തെ തുടർന്ന് അഞ്ചു വർഷത്തിനുള്ളിൽ വീണ്ടും സുരക്ഷ പരിശോധന നടത്തണമെന്ന് 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ, തമിഴ് നാടിന്‍റെ നിസ്സഹകരണം മൂലം ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഉടൻ നടത്തണമെന്ന് കേരളം മേല്‍ നോട്ട സമിതി യോഗത്തിൽ ശക്തമായ നിലപാടെടുത്തു. അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിൻറെ ചലനം, വികാസം തുടങ്ങി മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും കേരളം യോഗത്തില്‍ വ്യക്തമാക്കി.

ബേബിഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്ന ആവശ്യം തമിഴ്നാട് യോഗത്തിൽ ആവർത്തിച്ചു. എന്നാൽ, ഇതിൽ വനം വകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം അറിയിച്ചു. വള്ളക്കടവിൽ നിന്നും അണക്കെട്ടിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്നും തമിഴ് നാട് ആവശ്യപ്പെട്ടു. എന്നാൽ, സമിതി നടത്തിയ പരിശോധനയിൽ റോഡ് സഞ്ചാര യോഗ്യമാണെന്ന് വിലയിരുത്തി. പരിശോധനയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കും

കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെൽ ചെയ‍ർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരുമാണ് അംഗങ്ങൾ. അണക്കെട്ടിലെത്തിയ മേൽനോട്ട സമിതി അംഗങ്ങൾ പ്രധാന ഡാം, ബേബി ഡാം എന്നിവക്കൊപ്പം സ്പിൽവേയിലെ മൂന്നു ഷട്ടറുകളും ഉയർത്തി പരിശോധിച്ചു.