National

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

Spread the love

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

കുവൈറ്റിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് സ്വദേശികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരച്ചാമി മാരിയപ്പൻ, കടലൂർ ജില്ലയിൽ നിന്നുള്ള കൃഷ്ണമൂർത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദൻ ശിവശങ്കർ, ട്രിച്ചി ജില്ലയിൽ നിന്നുള്ള രാജു എബമേശൻ, തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ഭുനാഫ് റിച്ചാർഡ്, രാമനാഥപുരം ജില്ലയിൽ നിന്നുള്ള കറുപ്പണ്ണൻ രാമു, വില്ലുപുരം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് തീപിടിത്തത്തിൽ മരിച്ചത്.

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 31 പേരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിക്കും. 23 മലയാളികള്‍, 7 തമിഴ്‌നാട്, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിലെത്തുന്നത്. ഒരു ആംബുലസിന് ഒരു പൊലീസ് വാഹനം വീട് വരെ അകമ്പടി നല്‍കും

തമിഴ് നാട്ടിലേക്കുള്ള വാഹനങ്ങളും എത്തിച്ചിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കി. അന്തിമോപചാരം അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.