Friday, December 27, 2024
Kerala

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാളി താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി

Spread the love

കാനിൽ തിളങ്ങിയ മലയാളി താരങ്ങൾക്ക് കേരള സർക്കാരിന്റെ ആദരം. 2024ലെ കാന്‍ ചലച്ചിത്രമേളയില്‍ Pierre Angenieux ExcelLens in Cinematography എന്ന ബഹുമതി ലഭിച്ച സന്തോഷ് ശിവനെയും ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ All We Imagine as Light എന്ന ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയും ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെ ആദരിച്ചു.

മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ആദരിച്ചു. കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ മറ്റ് കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.