പെൻഷൻ കൊടുത്തു തീർക്കാൻ ആയിട്ടില്ല, കേന്ദ്രം പണം നൽകിയില്ല, കോടതി കയറിയിട്ടാണ് പണം നൽകിയത്; എം വി ഗോവിന്ദന്‍
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി എന്തുകൊണ്ട് തോറ്റു എന്നത് പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തൊക്കെയാണ് തോൽവിക്ക് അടിസ്ഥാനമായ കാരണമെന്ന് കണ്ടെത്തണം. കണ്ടെത്തിയാൽ പോരാ തിരുത്തണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പെൻഷൻ കൊടുത്തു തീർക്കാൻ ആയിട്ടില്ല. കേന്ദ്രം പണം നൽകിയില്ല. ഒടുവിൽ കോടതി കയറിയിട്ടാണ് പണം നൽകിയത്. ദുർബല ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൊടുക്കാൻ സാധിച്ചില്ല. സംഘടനാപരമായ പ്രശ്നങ്ങളുമുണ്ട്. അതെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്.
ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. അതാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം. ഏക സിവില്‍കോഡും അതുതന്നെയാണ്. സമീപ ദിവസങ്ങളില്‍ മോദി നടത്തിയ പ്രസംഗങ്ങളെല്ലാം പച്ച വര്‍ഗീയത നിറഞ്ഞതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബിജെപിക്ക് 2025ല്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനാവില്ല. അതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ നമ്മുടെ നേട്ടം. കോണ്‍ഗ്രസ് – ബിജെപി നേരിട്ട് മത്സരിയ്ക്കുന്ന ഇടങ്ങളില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടായി. കോണ്‍ഗ്രസിന് ഇന്ത്യാ മുന്നണിയിലെ ദൗത്യം നിര്‍വഹിയ്ക്കാനായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.