World

ഡബ്ലിന്‍ പള്ളിയിലെ തീപിടിത്തം; നൂറ്റാണ്ടുകള്‍ പഴക്കമുള്ള മമ്മികള്‍ നശിപ്പിക്കപ്പെട്ടു

Spread the love

അയര്‍ലണ്ടിലെ ഡബ്ലിനിലെ സെന്‍റ് മൈക്കൻസ് ചർച്ച് ഓഫ് അയർലണ്ടിന് കീഴിലുള്ള സെന്‍റ്. മിഷേലിന്‍റെ ചര്‍ച്ചിലുണ്ടായ തീ പിടിത്തത്തില്‍ അതിപുരാതനമായ അഞ്ച് മമ്മികള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പള്ളില്‍ തീ പിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതതായി ഐറിഷ് പോലീസ് ഗാര്‍ഡായി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും തീ പിടിത്തം ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അണച്ചതായും പ്രദേശം സീല്‍ ചെയ്തതായും ഗാര്‍ഡായി കൂട്ടിച്ചേര്‍ത്തു.

പ്രദേശത്ത് കൂടുതല്‍ തെളുവുകള്‍ക്കായി ഗാർഡ ടെക്‌നിക്കൽ ബ്യൂറോയിലെ ഒരു സംഘം ഫോറൻസിക് വിദഗ്ദരുടെ പരിശോധന നടക്കുകയാണ്. ക്രിമിനൽ ഡാമേജ് ആക്ട് 1991 പ്രകാരമുള്ള കുറ്റത്തിനാണ് ഒരാളെ അറസ്റ്റ് ചെയതതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വിനോദ സഞ്ചാരികളില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് പള്ളി മുന്നോട്ട് പോയിരുന്നത്. പള്ളിയിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കളായിരുന്നു വിനോദ സഞ്ചാരികളെ പള്ളിയിലേക്ക് ആകർഷിച്ചിരുന്നത്. തീപിടിത്തത്തില്‍ വിശുദ്ധ വസ്തുക്കള്‍ മിക്കതും കത്തി നശിച്ചു. ഇത് ഇടവകയുടെ വരുമാനത്തെ ബാധിക്കു’മെന്ന് ഡബ്ലിനിലെ ആർച്ച്ഡീക്കനും സെന്‍റ് മിച്ചൻസ് ചർച്ച് വികാരിയുമായ ഡേവിഡ് പിയർപോയിന്‍റ് പറഞ്ഞു. നികത്താനാവാത്ത നഷ്ടമെന്നാണ് സംഭവത്തെ കുറിച്ച് ചർച്ച് ഓഫ് അയർലൻഡ് ആർച്ച് ബിഷപ്പ് മൈക്കൽ ജാക്‌സൺ പറഞ്ഞത്.