National

കനിമൊഴിയുടെ രണ്ടാമുദയം: തമിഴകത്ത് സ്റ്റാലിൻ, ദില്ലിയിൽ സഹോദരി; ഡിഎംകെയിൽ അധികാര ദ്വയം

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴകം തൂത്തുവാരിയ ഡിഎംകെയുടെ പാർലമെൻ്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ കനിമൊഴി, ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സ്ഥാനത്തേക്കാണ് ഉയർത്തപ്പെട്ടത്. ഡിഎംകെ സ്ഥാപക നേതാവ് എം കരുണാനിധിയുടെ മകളും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ അർദ്ധ സഹോദരിയുമായ കനിമൊഴി, തമിഴ് കവയിത്രികളിൽ പ്രധാനിയുമാണ്. പാർലമെൻ്ററി പാർട്ടി നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതോടെ പാർലമെൻ്റിൽ പാർട്ടിയുടെ നയങ്ങളും നീക്കങ്ങളും തീരുമാനിക്കാനുള്ള അധികാരം കൂടിയാണ് അവർക്ക് കൈവന്നിരിക്കുന്നത്.

പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര ഷിപ്പിങ് മന്ത്രിയുമായിരുന്ന ടിആർ ബാലുവിൽ നിന്നാണ് കനിമൊഴിയിലേക്ക് അധികാരം കൈമാറിയിരിക്കുന്നത്. 83കാരനായ ടിആർ ബാലുവിൽ നിന്ന് പാർട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലെ തലമുറ മാറ്റം കൂടിയാണിത്. എംകെ സ്റ്റാലിനെ തമിഴ്നാട്ടിലും കനിമൊഴിയെ ദില്ലിയിലും പാർട്ടിയുടെ അധികാര കേന്ദ്രങ്ങളായി സ്ഥാപിച്ചുള്ള മാറ്റത്തിലൂടെ മുരശൊലി മാരൻ ദില്ലി രാഷ്ട്രീയത്തിൽ വഹിച്ച നിർണായക സ്വാധീനം എന്ന നിലയിൽ കനിമൊഴിക്ക് പ്രവർത്തിക്കാനുള്ള അവസരം കൂടിയാണ്.

ഡിഎംകെയുടെ എല്ലാ തട്ടിലും കനിമൊഴി തന്നെയാണ് ഈ സ്ഥാനത്തിന് കൂടുതൽ അർഹയെന്ന വിലയിരുത്തലുണ്ട്. തൂത്തുക്കുടിയിൽ വളർന്ന അവർ 2019 വരെ ഈ മണ്ഡലത്തിലെ എം.പിയായിരുന്നു. ഇത്തവണ ഇതേ മണ്ഡലത്തിൽ 3.47 ലക്ഷം ഭൂരിപക്ഷത്തിലാണ് കനിമൊഴി ജയിച്ചുകയറിയത്. രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്ത് 2ജി സ്പെക്ട്രം കേസിൽ പ്രതിയാക്കപ്പെട്ട് ആറ് മാസക്കാലം തിഹാർ ജയിലലിൽ കഴിഞ്ഞ കനിമൊഴിക്ക് ദില്ലി രാഷ്ട്രീയത്തിൽ രണ്ടാമുദയം കൂടിയാണിത്. ഇക്കുറി കനിമൊഴിക്കെതിരെ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച് കാശ് പോലും ലഭിച്ചില്ല.

ഒരു കവയിത്രി എന്ന നിലയിലാണ് കനിമൊഴി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. സാമൂഹ്യപ്രവർത്തകയായും മാധ്യമപ്രവർത്തകയായും പൊതുജീവിതം തുടങ്ങിയ അവരെ 2007 ൽ കരുണാനിധി തൻ്റെ മരുമക്കളായ ദയാനിധി മാരൻ്റെയും കലാനിധി മാരൻ്റെയും എതിർപ്പ് അവഗണിച്ച് രാജ്യസഭാംഗമാക്കി. ദില്ലിയിൽ മുരശൊരി മാരന് പകരം കരുണാനിധിയുടെ വിശ്വസ്ത പദത്തിലേക്ക് മകൾ ഉയർന്നു. പിന്നീട് കരുണാനിധി കുടുംബത്തിൽ കരുണാനിധിക്ക് ശേഷം കനിമൊഴിയുടെയും സ്റ്റാലിൻ്റെയും രാഷ്ട്രീയ ഭാവിയെ ചൊല്ലി പലതരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നു. ഇരുവരും ഇരുചേരിയാകുമെന്ന് പലരും കണക്കുകൂട്ടി. എന്നാൽ 2019 ൽ കരുണാനിധിയുടെ മരണത്തോടെ കുടുംബത്തിനകത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറി. സ്റ്റാലിൻ 2021 ൽ തമിഴ്നാട് മുഖ്യമന്ത്രിയായി. പിന്നീടുള്ള വർഷങ്ങളിൽ ജനപിന്തുണ വളർത്തി സ്റ്റാലിൻ ഡിഎംകെയുടെ എല്ലാമായി.

കനിമൊഴി ദില്ലിയിൽ പാർട്ടിയുടെ അധികാര കേന്ദ്രമാകുമ്പോൾ ഒരു കാലത്ത് കരുണാനിധി-മുരശൊരി മാരൻ കൂട്ടുകെട്ട് പോലെ സ്റ്റാലിൻ-കനിമൊഴി കൂട്ടുകെട്ടും നാടിനും പാർട്ടിക്കും രാഷ്ട്രീയത്തിനും ഉയർച്ച നേടാൻ വഴിയൊരുക്കുമെന്ന് ഡിഎംകെ നേതാക്കൾ കണക്കാക്കുന്നു. സ്റ്റാലിനും മകൻ ഉദയനിധിയോടും പോരടിക്കാൻ കനിമൊഴി ഉണ്ടാവില്ലെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നൽകുന്നത്. കനിമൊഴിയുടെ മൂന്നാം ഭാര്യയും കനിമൊഴിയുടെ അമ്മയുമായ രാജാത്തി അമ്മാളാണ് സ്റ്റാലിനോട് തമിഴ്നാട്ടിൽ കരുണാനിധിയുടെ സ്ഥാനം വഹിക്കാനും മകളെ ദില്ലിക്കയക്കാനും അതൊരു വെല്ലുവിളിയാവില്ലെന്ന് ബോധ്യപ്പെടുത്തിയതെന്നും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം തൂത്തുക്കുടിയിൽ കനിമൊഴിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം എല്ലാ ദിവസവും എംകെ സ്റ്റാലിൻ വിലയിരുത്തിയിരുന്നു. മികച്ച ഭൂരിപക്ഷത്തിൽ സഹോദരിയുടെ വിജയം ഉറപ്പിക്കാനായിരുന്നു ഇത്.