Kerala

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്, പക്ഷെ സർക്കാർ തലത്തിൽ നേതൃമാറ്റം സിപിഐ ആവശ്യപ്പെടില്ല’; ബിനോയ് വിശ്വം

Spread the love

ലോക്സഭ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ ഇടതുപക്ഷം സ്വയം വിമർശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല.സർക്കാർ തലത്തിൽ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. അടിസ്ഥാന പ്രശ്നങ്ങളായ പെൻഷൻ, സപ്ലൈക്കോ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും.
തൃശൂരിലെ തോല്‍വി നൽകിയത് വലിയ പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സിപിഐയുടെ ജില്ലാ എക്സിക്യൂട്ടിവ് യോഗങ്ങളില്‍ ഭരണവിരുദ്ധ വികാരം തെരഞ്ഞടുപ്പ് തോല്‍വിക്ക് കാരണമായെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ ഇടത് നേതൃത്വത്തിൽ അഴിച്ചു പണി ആവശ്യപ്പെട്ട് മുതിർന്ന സിപിഐ നേതാവ്സി ദിവാകരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല. ഇടത് മുന്നണി തിരുത്തണമെന്നും യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.