ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു; സ്പീക്കറുടെ ഓഫീസിലെത്തി രാജി സമർപ്പിച്ചു
ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.
പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. നിയമസഭ മിസ് ചെയ്യും. ഉമ്മൻ ചാണ്ടി സർക്കാരിൽ എംഎൽഎ ആയി ഇരുന്നതിലും രണ്ടു ടേം പ്രതിപക്ഷ എംഎൽഎ ആയതിലും ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായി ഉയര്‍ന്നിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം എന്നിവരുടെ പേരുകളാണ് യുഡിഎഫിൽ നിന്ന് സജീവ പരിഗണനയിലുള്ളത്.
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു.