തൃശൂർ മേയറെ വിളിച്ചുവരുത്തി സിപിഐഎം; സുരേഷ് ഗോപിയോട് പ്രത്യേക താത്പര്യമില്ലെന്ന് എം.കെ വര്‍ഗീസ്
സുരേഷ് ഗോപിയുമായുള്ള ബന്ധത്തിൽ മേയർ എം കെ വർഗീസിനെ താക്കീത് ചെയ്ത സിപിഐഎം. സിപിഐയുടെ പരാതിയെ തുടർന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമായിരുന്നു നടപടി. പ്രതികരണങ്ങളിൽ ശ്രദ്ധ വേണമെന്ന് എം എം വർഗീസ് മേയർക്ക് നിർദേശം നൽകി. എല്ലാം മാധ്യമസൃഷ്ടി എന്ന പാർട്ടി നേതൃത്വത്തോടും മാധ്യമപ്രവർത്തകരോടും മേയർ എം കെ വർഗീസ്ആവർത്തിച്ചു
സുരേഷ് ഗോപിയോട് തനിക്ക് പ്രത്യേക താല്പര്യം ഇല്ലെന്നും എംപി എന്ന ബന്ധം മാത്രമേ അദേഹവുമായുള്ളൂവെന്നും മേയർ പ്രതികരിച്ചു. തൃശൂരിൽ വികസനം കൊണ്ടുവരാനുള്ള ശ്രമമാണ് താൻ നടത്തുന്നത്.കേന്ദ്രസർക്കാരിൻറെ സഹായത്തോടെ മാത്രമേ വലിയ പദ്ധതികൾ നടപ്പാക്കാൻ കഴിയൂ.
അതിൻറെ ഭാഗമായി എവിടെയെങ്കിലും വച്ച് സംസാരിച്ചാൽ അതിൽ രാഷ്ട്രീയമില്ലെന്നും അതിനെ
രാഷ്ട്രീയ വത്കരിക്കരുതെന്നും മേയർ എം കെ വർഗീസ് വ്യക്തമാക്കി.
തൃശൂരിന്റെ എംപിയാകാൻ സുരേഷ് ഗോപി ഫിറ്റാണെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് എം കെ വർഗീസ് പറഞ്ഞത് തിരിച്ചടിയായെന്ന് സിപിഐ വിലയിരുത്തൽ. വിജയത്തിനുശേഷം മേയറും സുരേഷ് ഗോപിയും ഭാരത് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതിലും അതൃപ്തി. ഇതോടെ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസിനെ നേരിൽ കണ്ട് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അതൃപ്തി അറിയിച്ചു.
പിന്നാലെ മേയർ എം കെ വർഗീസിനെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി. തന്നെ മാധ്യമങ്ങൾ ആക്രമിക്കുകയാണെന്നും എല്ലാം മാധ്യമസൃഷ്ടി എന്ന് വിശദീകരിച്ചു. വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന സിപിഐഎം നേതൃത്വം ജാഗ്രത വേണമെന്ന താക്കീത് എം കെ വർഗീസിനെ നൽകി. വാർത്താസമ്മേളനം വിളിച്ച അടിയന്തരമായി കാര്യങ്ങൾ വിശദീകരിക്കാനും നിർദേശം.
എന്നാൽ മേയറുടെ വിശദീകരണത്തിൽ സിപിഐ തൃപ്തരല്ല. 17, 18 തീയതികളിൽ ചേരുന്ന സിപിഐ ജില്ലാ നേതൃയോഗങ്ങൾ മേയർക്കെതിരായ നിലപാട് ചർച്ച ചെയ്യും.