കൊച്ചിയിൽ അന്തർദേശീയ ‘വിമൻ ഇൻ സയൻസ്’ ക്യാമ്പ് സംഘടിപ്പിച്ചു
ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം സ്‌കൂൾ വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് വൈ-സൈ (WiSci-വിമൻ ഇൻ സയൻസ്) ക്യാമ്പ് കൊച്ചിയിൽ നടന്നു.
യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈ, രാജഗിരി ബിസിനസ് സ്‌കൂൾ എന്നിവ കാറ്റർപില്ലർ ഫൗണ്ടേഷൻ, ഗൂഗിൾ, ഇൻ്റൽ, റ്റി.ഇ. കണക്റ്റിവിറ്റി ഫൗണ്ടേഷൻ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയ ആഗോള സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും നേതൃത്വ വികസനത്തിലും ഞങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ അവരുടെ കഴിവുകൾ പൂർണ്ണമായും അനാവരണം ചെയ്യുന്നതിനും ആഗോളവ്യാപകമായി സമൂഹങ്ങളിലെ സാമ്പത്തിക ശാക്തീകരണത്തെ നയിക്കുന്നതിനുമുള്ള താക്കോലാണെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രത്യേക പ്രതിനിധി ഡൊറോത്തി മക്ഓലിഫ് പറഞ്ഞു.
സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ആർട്സ്, മാത്തമാറ്റിക്സ് എന്നീ കരിയർ മേഖലകളിൽ ഭാവിയിലെ ചാമ്പ്യരായി മികവ് പുലർത്താൻ പെൺകുട്ടികളുടെ ശാക്തീകരണത്തിന് സുരക്ഷിത ഇടങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്, യു.എസ്. കോൺസൽ ജനറൽ ക്രിസ് ഹോഡ്‌ജസ് പറഞ്ഞു.
കാലാവസ്ഥാ ശാസ്ത്രം, വ്യോമയാന രംഗത്തെ സ്ത്രീ പ്രാതിനിധ്യം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജി എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഈ സയൻസ് ക്യാമ്പ് പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നു.