Kerala

ലോക കേരള സഭയിൽ പങ്കെടുക്കില്ല: ക്ഷണം നിരസിച്ച് ഗവര്‍ണര്‍

Spread the love

ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ മടക്കി അയച്ചു. സംസ്ഥാന സർക്കാർ നടപടികളിലെ കടുത്ത അതൃപ്‌തി ചീഫ് സെക്രട്ടറിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം.

അതേസമയം നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽനിന്നും 25 സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്താണ് നാലാം കേരള സഭ ചേരുന്നത്. 200 ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്.

760 അപേക്ഷകരിൽ നിന്നാണ് ലോക കേരള സഭയിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്. മൂന്നാം ലോക കേരളസഭ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവേ എന്നിവയുടെ പ്രകാശനം 13ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമസഭ സ്‌പീക്കർ എഎൻ ഷംസീർ ചടങ്ങിൽ അധ്യക്ഷനാകും.