Sunday, April 6, 2025
Latest:
Kerala

കണ്ടക്ടര്‍ ഫോണിൽ നിര്‍ദ്ദേശം വച്ചു, എന്നാൽ അങ്ങനെയാകട്ടെയെന്ന് മന്ത്രി; കെഎസ്ആര്‍ടിസിക്ക് ഗംഭീര കളക്ഷൻ വര്‍ധന

Spread the love

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന്‍റെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ കൂട്ടാമെന്ന കണ്ടക്ടറുടെ നിലപാടിന് ഗതാഗത മന്ത്രിയുടെ പച്ചക്കൊടി. തീരുമാനം കെഎസ്ആര്‍ടിസിക്ക് വൻ നേട്ടമായി. തിരുനാവായ സ്വദേശിയായ ഗര്‍ഭിണിയെ പ്രസവവേദന വന്നപ്പോള്‍ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളജിലേക്ക് എത്തിച്ച ബസിന്‍റെ കണ്ടക്ടര്‍ അജയൻ്റെ നിര്‍ദ്ദേശപ്രകാരം മന്ത്രിയാണ് ബസിൻ്റെ ഷെഡ്യൂൾ മാറ്റിയത്. ഇതിലൂടെ ശരാശരി 4446 രൂപയുടെ വരുമാന വര്‍ധനവാണ് ഓരോ സര്‍വീസിലും ഉണ്ടായത്.

മന്ത്രി തന്നെ കണ്ടക്ടര്‍ അജയനെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. നേരത്തെ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാൻ സമയോചിതമായി ഇടപെട്ടതിന് അഭിനന്ദനം അറിയിക്കാൻ മന്ത്രി അജയനെ ഫോണിൽ വിളിച്ചിരുന്നു. ഈ സമയത്താണ് അജയൻ, തങ്ങളുടെ ബസിൻ്റെ ഷെഡ്യൂൾ മാറ്റിയാൽ വരുമാനം കൂടുമെന്ന് അറിയിച്ചത്.

ഈ നിര്‍ദ്ദേശം പ്രഥമ പരിഗണനയോടെ കൈകാര്യം ചെയ്ത മന്ത്രി അന്ന് തന്നെ ബസിൻ്റെ ഷെഡ്യൂൾ മാറ്റാൻ ഉത്തരവിട്ടു. നേരത്തെ ഡിപ്പോ തുടങ്ങിയ കാലത്ത് കേരളത്തില്‍ ഏറ്റവും കളക്ഷനുണ്ടാക്കിയത് തൊട്ടില്‍പ്പാലം ഡിപ്പോ ആയിരുന്നു. പിന്നെ ബസും വരുമാനവും കുറയുന്ന സ്ഥിതിയായി. ഡിപ്പോയും വരുമാനവും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മന്ത്രിയും ജീവനക്കാരുമെല്ലാം.