കേന്ദ്രമന്ത്രി പദം ഏറ്റെടുക്കില്ലെന്ന സുരേഷ് ഗോപിയുടെ പ്രതികരണം; അതൃപ്തി പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം
കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപി ഉപാധി വെച്ചതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.
തൃശൂരിൽ ജയിച്ചാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രി ആകുമെന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടായിരുന്നു. കേന്ദ്രമന്ത്രി പദം ഏറ്റെടുക്കില്ലെന്ന് പറയുന്നത് വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
സുരേഷ് ഗോപിയുടെ തീരുമാനം ജനാധിപത്യ രീതിയല്ലെന്നും ബിജെപി സംസ്ഥാന നേതൃത്വത്തിൽ മുറുമുറുപ്പുണ്ടെന്നാണ് സൂചന
തൃശൂരിൽ നിന്ന് ജയിച്ച സുരേഷ് ഗോപി ആദ്യം വിമുഖത കാട്ടിയെങ്കിലും മോദി നേരിട്ട് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്കായി അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തു. കുടുംബസമേതമാണ് അദ്ദേഹം ഡൽഹിയിലേക്ക് പോയത്. യാത്ര പുറപ്പെടും മുൻപ് തന്നെ താൻ കേന്ദ്രമന്ത്രിയാകുമെന്ന സ്ഥിരീകരണം സുരേഷ് ഗോപി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോൺ വഴി സംസാരിച്ച ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. ഏതാകും വകുപ്പെന്നതിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയായതിനാൽ സുപ്രധാന വകുപ്പായിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതിൽ സംശയമില്ല.
നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചിരുന്നു. സിനിമകൾ പൂർത്തിയാക്കിയ ശേഷം കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ അവസാനനിമിഷം പ്രധാനമന്ത്രിയുടെ ഫോൺ കോളെത്തുകയും ഉടൻ ഡൽഹിയിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു.