‘വയനാട്ടുകാരെ വഞ്ചിച്ചു, രാഹുൽ ഗാന്ധി റായ്‌ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റ്’: ആനി രാജ
ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം രാഹുൽ ഗാന്ധി നേരത്തെ വയനാട്ടിലെ ജനങ്ങളോട് പറയണമായിരുന്നുവെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. വയനാട്ടിൽ നിന്ന് പിൻമാറിയത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത നടപടിയാണെന്ന് അവര്‍ വിമര്‍ശിച്ചു
വയനാട്ടിൽ വീണ്ടും മത്സരിക്കുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഭരണഘടന അനുശാസിക്കുന്നതിനാൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ തെറ്റില്ല. മുൻകൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റെന്നും അവര്‍ വിശദീകരിച്ചു.
രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്നും റായ്ബറേലി സീറ്റ് നിലനിർത്താൻ പ്രവർത്തക സമിതിയിൽ ധാരണയന്നെന്നും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. തീരുമാനം ഉടൻ കേരള നേതൃത്വത്തെ അറിയിക്കുമെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. പ്രിയങ്ക ഗാന്ധി കേരളത്തിൽ മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ പരിഗണിക്കാൻ സാധ്യത.
അതേസമയം രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതോടെ, രാഹുൽ ഗാന്ധി ഏതു മണ്ഡലം നിലനിർത്തുമെന്ന ചർച്ച കോൺഗ്രസിൽ ചൂടുപിടിച്ചിരുന്നു.
രാഹുൽ ഒരുകാരണവശാലും റായ്ബറേലി വിടില്ലെന്ന് അവിടത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് 24നോട് പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പൊതുവികാരം രാഹുൽ ഗാന്ധിയെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അമേഠി, റായ്ബറേലി എന്നിവിടങ്ങളിലൊന്നിൽ ഗാന്ധി കുടുംബാംഗമില്ലാത്ത സ്ഥിതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റായ്ബറേലി രാഹുൽ നിലനിർത്തണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം.