Kerala

രൂക്ഷമായ കടലാക്രമണം; കോഴിക്കോട് ബീച്ചിൽ നടപ്പാത തകർന്നു

Spread the love

കോഴിക്കോട് ബീച്ചിൽ കടലാക്രമണത്തെ തുടർന്ന് നടപ്പാത തകർന്നു.കല്ലും മണ്ണും പൂർണ്ണമായി ഇളകി മാറി. കൂടുതൽ ഭാഗങ്ങൾ അപകട ഭീഷണിയിൽ. അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.

മലയോര- തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക മുന്നറിയിപ്പുണ്ട്. തെക്കന്‍ തെലങ്കാനയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി, അറബിക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തി എന്നിവയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചത്.

പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലനില്‍ക്കുന്നു.

കാറ്റിന്റെ വേഗത കൂടി നില്‍ക്കുന്ന സാഹചര്യം, കടല്‍ പ്രക്ഷുബ്ധമായ അവസ്ഥ, കള്ളക്കടല്‍ പ്രതിഭാസ സാധ്യത എന്നിവ കണക്കിലെടുത്ത് തീരമേഖലയ്ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും.

ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയ്ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. വരുന്ന 5 ദിവസം കൂടി സംസ്ഥാന വ്യാപകമായി ശക്തമായത് മുതല്‍ അതിശക്തമായ മഴയ്ക്ക് വരെ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.