Kerala

ബാലത്സംഗം മുതൽ കൊലപാതക കേസ് വരെ; ലോക്സഭയിൽ 543ൽ 251അംഗങ്ങൾ ക്രിമിനൽകേസിൽ ഉൾപ്പെട്ടവർ; ആദ്യ രണ്ട് സ്ഥാനം കേരളത്തിന്

Spread the love

പതിനെട്ടാം ലോക് സഭയിലെത്തുന്ന അംഗങ്ങളിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന്റെ ആദ്യ രണ്ടു സ്ഥാനങ്ങളും കേരളത്തിന്. ഡീൻ കുര്യാക്കോസും, വടകര നിയുക്ത എം പി ഷാഫി പറമ്പിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ ചുമത്തപ്പെട്ട നേതാക്കൾ. ക്രിമിനൽ കേസുകളാണ് ചുമത്തപ്പെട്ടതെങ്കിലും രാഷ്ട്രീയ സമരങ്ങളാണ് കേസിനാധാരം. പുതിയ സഭയിൽ 46 ശതമാനം അംഗങ്ങൾക്കെതിരെയും ക്രിമിനൽ കേസുകൾ ഉണ്ട്. കൃത്യമായി പറഞ്ഞാൽ സഭയിലെത്തുന്ന നിയുക്ത എംപി മാരിൽ 251 അംഗങ്ങളും ക്രിമിനൽ നടപടികൾ നേരിടുന്നുണ്ട്. ഇതിൽ 27 പേർ ശിക്ഷിക്കപ്പെട്ടു.

ആകെയുള്ള 543 അംഗങ്ങളിൽ 251 പേരും ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടവർ. 2019 ൽ ഇത് 233 അംഗങ്ങൾ. അതായത് 43 ശതമാനം എന്ന കണക്കിലായിരുന്നു. 2014 ൽ 185 പേർ(34 %), 2009 ൽ 162 പേർ(30%), 2004 ൽ 125 പേർ(23%). കണക്കുകൾ കുത്തനെ ഉയരുകയാണ്. എല്ലാവർക്കുമെതിരെ രാഷ്ട്രീയ കേസ്സുകൾ മാത്രമല്ല. ഇവരിൽ 170 പേർക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിങ്ങനെയുള്ള ഒന്നാം ഡിഗ്രി കുറ്റകൃത്യങ്ങൾ.
ഈ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയവർ 2009-ൽ 76 പേര് മാത്രമായിരുന്നു. അത് 2014 ആകുമ്പോൾ 112- പേര് എന്ന നിലയിലേക്ക് ഉയർന്നു. 2019 ൽ ഈ കണക്കു 159 പേർ എന്ന നിലയിലായി. തങ്ങൾ ശിക്ഷിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തിയ 27 നിയുക്ത എം പിമാരുണ്ട് പുതിയ സഭയിൽ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ആം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർ 4 പേർ. ഐ പി സി 307 പ്രകാരം കൊലപാതകശ്രമവുമായി ബന്ധപ്പെട്ട 27 പേർ ശിക്ഷിക്കപ്പെട്ടു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഉള്ളവർ 15 പേർ. ഇതിൽ രണ്ട് പേർ IPC സെക്ഷൻ 376 പ്രകാരം ബലാത്സംഗ കുറ്റകൃത്യത്തിന് നടപടികൾ നേരിടുന്നു. നാല് നിയുക്ത എം പി മാർക്കെതിരെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസുകളുണ്ട്. നാൽപ്പത്തി മൂന്നു പേർക്കെതിരെ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകളുണ്ട്.

ബി ജെ പി – 94
കോൺഗ്രസ് – 49
എസ് പി – 21

തൃണമൂൽ – 13
ഡി എം കെ – 13
തെലുങ്ക് ദേശം – 8
ശിവസേന ഷിൻഡെ – 5

ക്രിമിനൽ കേസുകളിലെ പാർട്ടി ഷെയർ കണക്കുകൾ ഇങ്ങനെ പോകുന്നു. ഗുരുതര ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ട നിയുക്ത എം പി മാരെ സഭയിലേക്കയച്ച പാർട്ടികളുടെ പട്ടിക ഇങ്ങനെ.

ബി ജെ പി – 63
കോൺഗ്രസ് – 32
എസ് പി – 17
തൃണമൂൽ – 7

ഡി എം കെ – 6
തെലുങ്ക് ദേശം – 5
ശിവസേന ഷിൻഡെ – 4

ആകെ 88 ക്രിമിനൽ കേസുകളാണ് ഇടുക്കി നിയുക്ത എം പിയും സിറ്റിംഗ് എം പിയുമായ അഡ്വ ഡീൻ കുര്യക്കോസിനുള്ളത്. ഇക്കുറി ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു ലോക്സഭയിലെത്തുന്ന അംഗങ്ങളിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ എന്ന റെക്കോർഡ് ഇതാണ്. രണ്ടാം സ്ഥാനത്ത് 47 ക്രിമിനൽ കേസുകളുമായി വടകരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എം പി ഷാഫി പറമ്പിൽ ആണുള്ളത്. കേരളത്തിൽ നിന്നുള്ള നിയുക്ത എം പിമാരിൽ പലർക്കും നിലവിൽ ക്രിമിനൽ കേസുകൾ ഉണ്ട്. എന്നാൽ പലർക്കുമുള്ളത് രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ്. പട്ടികയിൽ മൂന്നാമതുള്ള തെലങ്കാനയിലെ മൽകാജ് ഗിരിയിൽ നിന്നുള്ള ബി ജെ പി അംഗം ഏറ്റല രാജേന്ദർക്ക് ആകെയുള്ളത് 45 കേസുകളാണ്.