ചൈന സ്വർണം വാങ്ങിയില്ല, വില കുറഞ്ഞു; പൊന്ന് വാങ്ങാനാഗ്രഹിക്കുന്നവരെ മോഹിപ്പിക്കുന്ന വിലക്കുറവ്
ചൈന സ്വർണം വാങ്ങില്ലെന്ന് തീരുമാനിച്ചതും അതിന്റെ കണക്കുകൾ പുറത്തുവന്നതും പൊന്നിന് നൽകിയത് കടുത്ത തിരിച്ചടിയാണ്. പവന് ഇന്ന് മാത്രം കുറഞ്ഞത് 1,520 രൂപയാണ്. ഗ്രാമിന് 190 രൂപ കുറഞ്ഞ് 6,570 രൂപയും പവന് 52,560 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ ഇന്നലെ ആറ് മണിക്കൂർ കൊണ്ട് ഔൺസിന് കുറഞ്ഞത് 80 ഡോളറാണ്. ഔൺസിന് 2294 ഡോളറായി കുറഞ്ഞു. ഫ്രാൻസ് തുമ്മിയാൽ യൂറോപ്പ് മുഴുവൻ ജലദോഷം പിടിക്കുമെന്ന ചൊല്ലിനെ അനുസ്മരിപ്പിച്ച് ആ വിലക്കുറവ് ഇങ്ങ് കേരളം വരെ പടരുകയായിരുന്നു.
എന്നാലും ചൈനക്കാർ സ്വർണം വാങ്ങേണ്ടെന്ന് തീരുമാനിച്ചപ്പോൾ എങ്ങനെ വില കുറഞ്ഞു?
വിവിധ കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങാറുണ്ട്. ഇതിനനുസരിച്ചാണ് കറൻസി പ്രിന്റ് ചെയ്യുന്നത്. രാജ്യത്തിന്റെ സാമ്പത്തികാരോഗ്യത്തിന്റെ ഒരു അളവുകോൽ കൂടിയാണ് സ്വർണത്തിന്റെയും ഡോളറിന്റെയും കരുതൽ ശേഖരം. കഴിഞ്ഞ കുറേ നാളുകളായി പൊന്നങ്ങനെ വിലത്തിളക്കത്തിൽ നിന്നതിന് കാരണം നമ്മുടെ റിസർവ് ബാങ്കടക്കമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതായിരുന്നു. അതിൽത്തന്നെ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിക്കൂട്ടിയത് ചൈനീസ് പീപ്പിൾസ് ബാങ്കും.
വാങ്ങലങ്ങനെ പൊടിപൊടിക്കുമ്പോഴാണ് പതിനെട്ട് മാസങ്ങൾക്ക് ശേഷം സ്വർണം വാങ്ങേണ്ടെന്ന് ചൈനയ്ക്ക് ഒരു ഉൾവിളിയുണ്ടാകുന്നത്. മേയിൽ ചൈന സ്വർണം വാങ്ങിയില്ലെന്ന കണക്ക് പുറത്തുവന്നതോടെ ആഗോള വിപണിയിൽ വിലയിടിഞ്ഞു. വെറും ആറ് മണിക്കൂർ കൊണ്ട് ഒരു ഔൺസിന് കുറഞ്ഞത് 80 ഡോളർ. ഒപ്പം തന്നെ ക്രൂഡ് വില കുറഞ്ഞതും ഫെഡറൽ റിസർവ് പലിശ കുറച്ചേക്കില്ലെന്ന സൂചനയും വിലക്കുറവിന് കാരണമായി.
സ്വർണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമാണ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ പവന് 54,280 രൂപയെന്നതിൽ നിന്നാണ് 52,560 രൂപയിലേക്കുള്ള ഇടിവ്. വില കുറയുമ്പോൾ ബുക്ക് ചെയ്ത് സ്വർണം വാങ്ങാനാണ് വിദഗ്ധരുടെ ഉപദേശം.