Kerala

ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണമുണ്ട്; ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്

Spread the love

കണ്ണൂരില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്. വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നാണ് നിര്‍ദേശം. ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്ന് മുസ്ലിം ലീഗിന്റെ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദിന്റെ ശബ്ദസന്ദേശം പുറത്തുവന്നു.

വടകരയിലെ വമ്പന്‍ വിജയത്തോടെ എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ് ഷാഫി പറമ്പിലിന്റെ റോഡ് ഷോ സംഘടിപ്പിക്കുന്നത്. ഇതിലാണ് വനിതാ ലീഗ് പ്രവര്‍ത്തകര്‍ വേണ്ടെന്ന ശബ്ദസന്ദേശം പുറത്തുവന്നത്. ശബ്ദസന്ദേശത്തില്‍ പറയുന്നതിങ്ങനെ:

‘ഷാഫിയുടെ വിജയമാഘോഷിക്കുന്ന പരിപാടിയില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകണം. പക്ഷേ റോഡ് ഷോയിലോ പ്രകടനത്തിലോ പങ്കെടുക്കേണ്ടതില്ല. ആഘോഷപരമായ ആവേശത്തിമിര്‍പ്പിന് അനുസരിച്ചുള്ള പ്രതികരണത്തിലേക്ക് നമ്മുടെ മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല എന്നതുകൊണ്ട് വനിതകളുടെ പങ്കാളിത്തം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നില്ല. പക്ഷേ പരിപാടിയില്‍ സാന്നിധ്യമുണ്ടാകണം. നിങ്ങളുടെ അഭിവാദ്യം എംപിക്ക് സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകും’.

വോട്ടെണ്ണല്‍ ദിനത്തില്‍ കണ്ണൂര്‍ പാനൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. വനിതാ ലീഗ് പ്രവര്‍ത്തകരുടെ വലിയ സാന്നിധ്യം ഈ പ്രകടനത്തില്‍ ഉണ്ടാവുകയും ചെയ്തു. പിന്നാലെ പരിപാടിയുടെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനിതാ ലീഗിന് വിലക്ക്.