National

രാഷ്ട്രപതി എൻഡിഎയെ സര്‍ക്കാര്‍ രൂപീകരിക്കാൻ ക്ഷണിച്ചു: സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ടെന്ന് നരേന്ദ്ര മോദി

Spread the love

ദില്ലി: രാജിവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത് നൽകി. ബിജെപി അംഗങ്ങളുടെയും എൻഡിഎയിലെ മറ്റ് സഖ്യകക്ഷി എംപിമാരുടെയും പിന്തുണ നരേന്ദ്ര മോദിക്കുണ്ട്. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചു

ഇന്ന് രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, പുതിയ കാലഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്ന് പറഞ്ഞു. പുതിയ ഊർജം നൽകുന്നതാണിത്. അമൃത് കാലത്തെ ആദ്യ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. എൻഡിഎ സർക്കാറിന് മൂന്നാം തവണയും ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ജനത്തിന് നന്ദി. കഴിഞ്ഞ രണ്ട് തവണയും രാജ്യത്തെ മൂന്നോട്ട് നയിക്കാൻ ശ്രമിച്ചു.

ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു. ഇനിയുള്ള അഞ്ച് വർഷവും അതേ ലക്ഷ്യത്തോടെ, സമർപ്പണത്തോടെ രാജ്യത്തെ സ്വപ്നങ്ങൾ സഫലമാക്കാൻ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു. ഇന്ന് എൻഡിഎ യോ​ഗം നടന്നു, എല്ലാ നേതാക്കളും എന്നെ നേതാവായി തെരഞ്ഞെടുത്തു. രാഷ്ട്രപതിക്ക് കത്ത് നൽകി. രാഷ്ട്രപതി സർക്കാർ രൂപീകരിക്കാൻ അനുമതി നൽകി. ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ നടക്കും. കൂടുതൽ വിവരങ്ങൾ രാഷ്ട്രപതി ഭവൻ അറയിക്കും. കഴിഞ്ഞ സർക്കാരുകളുടെ തുടർച്ചയായി കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി.

മോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. സ്ഥിരതയുളള സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാറും, ചന്ദ്രബാബു നായിഡുവും നിലപാടറിയിച്ചത്. വന്‍ തീരുമാനങ്ങള്‍ മൂന്നാം സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാമെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു