National

ബലിദാനികളുടെ നാട്ടില്‍ നിന്ന് കേരളത്തില്‍ ബിജെപിയ്ക്ക് ആദ്യമായി സീറ്റുകിട്ടി, എന്‍ഡിഎ ഉലയാത്ത സഖ്യം; എന്‍ഡിഎ യോഗത്തില്‍ മോദി

Spread the love

എന്‍ഡിഎയ്ക്ക് സഖ്യകക്ഷികളുമായുള്ളത് ഉലയാത്ത ബന്ധമെന്ന് നരേന്ദ്രമോദി. സമവായം ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും രാഷ്ട്രത്തിന് പ്രഥമ പരിഗണന നല്‍കുന്ന സര്‍ക്കാരായിരിക്കും രൂപീകരിക്കുകയെന്ന് മോദി എന്‍ഡിഎ യോഗത്തില്‍ പറഞ്ഞു. അധികാരത്തിനായി ഒന്നിച്ചുകൂടിയ സഖ്യമല്ല എന്‍ഡിഎയെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. നല്ല ഭരണവും വികസനവുമാണ് എന്‍ഡിഎയുടെ ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞ മോദി ഇന്ത്യാ മുന്നണിയെ പ്രസംഗത്തില്‍ വിമര്‍ശിച്ചു. രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ പ്രതിപക്ഷം കളങ്കപ്പെടുത്താന്‍ ശ്രമിച്ചു. പത്ത് വര്‍ഷമായിട്ടും കോണ്‍ഗ്രസിന് 100 സീറ്റുപോലും നേടാന്‍ സാധിച്ചിട്ടില്ലെന്ന് മോദി പരിഹസിച്ചു.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 57 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. കേരളത്തില്‍ ഒരു സീറ്റില്‍ എന്‍ഡിഎയ്ക്ക് ജയം നേടാനായത് ഡല്‍ഹിയിലെ എന്‍ഡിഎ സഖ്യത്തിന്റെ യോഗത്തില്‍ മോദി എടുത്തുപറഞ്ഞു. ബലിദാനികളുടെ നാട്ടില്‍ നിന്ന് കേരളത്തില്‍ ബിജെപിയ്ക്ക് ഇപ്പോള്‍ ഒരു അംഗത്വം കിട്ടിയെന്ന് മോദി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് വ്യക്തമായ സ്വാധീനം ഉറപ്പിക്കാന്‍ സാധിച്ചെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു.

ഭരണഘടനയില്‍ നെറ്റിതൊട്ട് വണങ്ങിയാണ് നരേന്ദ്രമോദി എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിലേക്ക് കടന്നുവന്നത്. ഇത് ഏറെ വൈകാരികമായ നിമിഷമാണെന്നും മതപരമായ സമത്വമുറപ്പിക്കാന്‍ എന്‍ഡിഎ സദാ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്‌നാഥ് സിങാണ് നിര്‍ദേശിച്ചത്. ഇതിനെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. ഡല്‍ഹിയില്‍ തുടരുന്ന എന്‍ഡിഎ യോഗം എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു.

നരേന്ദ്രമോദിയെ ഈ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിലെ കിംഗ് മേക്കറുമാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഉറപ്പിച്ചു. രാജീവ് ചന്ദ്രശേഖറും മന്ത്രി സഭയിലേക്ക് എത്തുമെന്നാണ് സൂചന.