രണ്ട് കോടീശ്വരന്മാര്‍ക്കിടയിലാണ് മത്സരിച്ചത്, പണത്തിന്റെ ഒഴുക്ക് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു: പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം മണ്ഡലത്തിലെ കനത്ത പരാജയത്തില്‍ പ്രതികരണവുമായി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍. താന്‍ മത്സരിച്ചത് രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നെന്നും ആ പണം പാവപ്പെട്ടവരില്‍ ചിലരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നത് സത്യമാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പിനെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. പണത്തിന്റെ ഒഴുക്കാണ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചത്. പണം കൊടുത്ത് വോട്ട് പര്‍ച്ചേസ് ചെയ്തു. തോല്‍വിയില്‍ ആരേയും പഴിചാരാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ തലത്തില്‍ ബിജെപിയോട് നേരിട്ട് പൊരുതുന്ന പാര്‍ട്ടിയായി ഇന്ത്യാ മുന്നണിയുടെ മുന്നേറ്റത്തോടെ ജനങ്ങള്‍ കോണ്‍ഗ്രസിനെ കണ്ടെന്നും അതാണ് ഇവിടെ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതെന്നും പന്ന്യന്‍ രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തെ സദാ കേരളത്തിലുള്ളവര്‍ ശ്രദ്ധിക്കാറുണ്ട്. കോണ്‍ഗ്രസ് നന്നായി മുന്നോട്ടുവരുന്ന ഒരു സാഹചര്യവും ഉണ്ട്. കേരളത്തില്‍ ജനങ്ങളെ സ്‌നേഹിക്കുന്ന ഒരു സര്‍ക്കാരുണ്ടെങ്കില്‍പ്പോലും ദേശീയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് കോണ്‍ഗ്രസിന് കൂടുതല്‍ വോട്ട് ലഭിച്ചതാകാമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.