Kerala

പാർട്ടിയുടെ തെറ്റല്ല, തിരിച്ചടിയായത് സ്ഥാനാർത്ഥിയുടെ പിഴവുകൾ; ആലത്തൂരിലെ യുഡിഎഫ് തോൽവിയിൽ രമ്യാ ഹരിദാസിന് പാർട്ടിയുടെ വിമർശനം

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരം​ഗമുണ്ടായെങ്കിലും പരാജയത്തിന്റെ രുചിയറിഞ്ഞ രണ്ട് മണ്ഡലങ്ങളിൽ ഒന്നായ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന് പാർട്ടി നേതൃത്വത്തിന്റെ വിമർശനം. രമ്യയുടെ പരാജയത്തിൽ പാർട്ടിയ്ക്ക് പിഴവില്ലെന്നും സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ പിഴവാണ് പരാജയത്തിലേക്ക് നയിച്ചതെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺ​ഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിർദേശിച്ച കാര്യങ്ങൾ സ്ഥാനാർത്ഥി വേണ്ടരീതിയിൽ ശ്രദ്ധിച്ചില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ കുറ്റപ്പെടുത്തി. എ വി ​ഗോപിനാഥൻ ഘടനം ആലത്തൂരിൽ പ്രവർത്തിച്ചില്ല. ആലത്തൂർ മാത്രം കൈവിട്ടുപോയതിൽ വിഷമമുണ്ടെന്നും എ തങ്കപ്പൻ പ്രതികരിച്ചു.

പാട്ടുംപാടി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലം കരുത്തനായ സ്ഥാനാർഥിയെനിർത്തി എൽഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ,എവിടെയാണ് വോട്ട് പോയതെന്ന് പരിശോധനയിലാണ് ആലത്തൂരിലെ യുഡിഎഫ്. എൻഡിഎ സ്ഥാനാർഥി മുൻതവണത്തെക്കാൾ ഒരു ലക്ഷം വോട്ടുകൾ അധികം പിടിച്ചതും കോൺഗ്രസിലെ പടല പിണക്കങ്ങളുമാണ് യുഡിഎഫിന്റെ പരാജയം ഉറപ്പിച്ചത്.

2019 സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ ആയിരുന്നു രമ്യ ഹരിദാസ് ആലത്തൂർ മണ്ഡലം അട്ടിമറിയിലൂടെ സ്വന്തമാക്കിയത്. അതേ ആത്മവിശ്വാസത്തോടെ 2024ലും മത്സരിക്കാൻ ഇറങ്ങിയെങ്കിലും പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ വന്ന മാറ്റം സ്ഥാനാർത്ഥിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. പ്രശ്നം പരിഹരിക്കാൻ സ്ഥാനാർത്ഥിയോ പാർട്ടിയോ ശ്രമിക്കാതിരുന്നത് ഒടുവിൽ യുഡിഎഫ് സ്ഥാനാർഥിയുടെ തോൽവിയിൽ തന്നെ കാര്യങ്ങൾ കൊണ്ടെത്തിച്ചു. കെ രാധാകൃഷ്ണൻ എന്ന വ്യക്തിപ്രഭാവമുള്ള സ്ഥാനാർത്ഥി എത്തിയതോടെ എൽഡിഎഫ് കേന്ദ്രങ്ങൾ ഇരട്ടി ഊർജ്ജത്തിൽ പ്രവർത്തിച്ചതും യുഡിഎഫിന്റെ തോൽവിക്ക് വേഗം കൂട്ടി.ചിറ്റൂരിലും, വടക്കാഞ്ചേരിയിലും മാത്രമാണ് രമ്യ ഹരിദാസിന് നേരിയ ഭൂരിപക്ഷമെങ്കിലും നേടാൻ സാധിച്ചത്.

എൽഡിഎഫിന്റെ കനത്ത കോട്ടകളിൽ വലിയ ഭൂരിപക്ഷം നേടാൻ സാധിച്ചില്ല എങ്കിലും രാധാകൃഷ്ണന്റെ വ്യക്തിപ്രഭാതം വിജയിക്കാൻ ആവശ്യമായ വോട്ടുകൾ ഉറപ്പിച്ചിരുന്നു. ഇതിന് പുറമേഎൻഡിഎ സ്ഥാനാർത്ഥി മുൻതവണത്തെക്കാൾ ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടിയതും തിരിച്ചടിയായത് യുഡിഎഫിനാണ്. മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം തിരിച്ചടിയല്ല എന്ന യുഡിഎഫ് കേന്ദ്രങ്ങൾ തുടക്കത്തിൽ പറഞ്ഞിരുന്നു എങ്കിലും വോട്ട് എണ്ണൽ സമയത്ത് അതും തിരിച്ചടിയായത് യുഡിഎഫിന് മാത്രമാണെന്ന് രമ്യയുടെ തോൽവി വ്യക്തമാക്കുന്നു. മണ്ഡലത്തിലെ സംഘടന പ്രശ്നങ്ങൾ പരിഹരിച്ചില്ല എങ്കിൽ വരുന്ന പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും അത് യുഡിഎഫിനും കോൺഗ്രസിനും വലിയ തിരിച്ചടിയാകും നൽകുക. ആലപ്പുഴയിൽ നിന്ന് എൽഡിഎഫിന്റെ ഏക സീറ്റ് ആലത്തൂരിലേക്ക് എത്തിയപ്പോൾ കോൺഗ്രസിന് നഷ്ടമായത് 2019 ൻ്റെ ആവർത്തനമാണ്.