ഒന്നാം ക്ലാസിലേക്ക് എത്തിയത് 40 പേർ അതിൽ മൂന്ന് ജോഡി ഇരട്ടകളും, വൈറലാണ് എടത്വയിലെ എൽപി സ്കൂൾ
എടത്വ: ഇരട്ടക്കുട്ടികൾ ഒന്നിച്ചെത്തുന്നത് എല്ലാവർക്കും കൌതുകമുള്ള കാഴ്ചയാണ്. എന്നാൽ ഇനി മുതൽ മൂന്ന് ജോഡി ഇരട്ടകളുടെ കൌതുകമാണ് എടത്വയിലെ സെന്റ് അലോഷ്യസ് എൽപി സ്കൂൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇനി വർഷം മുഴുവൻ കാത്തിരിക്കുന്നത്. കാരണമെന്താണന്നല്ലേ? എടത്വ സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ ഇന്നലെ പ്രവേശനം നേടിയവരിൽ 3 ജോഡി ഇരട്ടക്കുട്ടികളാണുള്ളത് എന്നതാണ് പ്രത്യേകത. ഇരട്ടക്കുട്ടികൾക്ക് പുറമേ അവരോടൊപ്പം കുഞ്ഞനിയനും അനിയത്തിമാരായി യുകെജിയിലേക്ക് മൂവർ സംഘവും ഇവിടെ എത്തിയിട്ടുണ്ട്.
തലവടി ആനപ്രമ്പാൽ വടക്ക് കൊച്ചുപറമ്പിൽ ടിജോ മാത്യുവിന്റെയും, അന്നമ്മ മാത്യുവിന്റെയും മക്കളായ ഇവാൻ ടിജോ, ഈദൻ ടിജോ, എടത്വ ചങ്ങങ്കരി കല്ലുപുരയ്ക്കൽ ജോജി കെ ജോസഫ്, അഞ്ചു ജോസഫ് എന്നിവരുടെ മക്കളായ ജറമി ജോസഫ്, ജോർദാൻ ജോസഫ്, മിത്രക്കരി പുതുക്കരി കൂലിപ്പുരയ്ക്കൽ കൃഷ്ണകുമാറിന്റെയും വിദ്യാകുമാരിയുടെയും മക്കളായ കെ കെ അഭിഷേക്, കെ കെ അർച്ചന എന്നിവരാണ് ഒന്നാം ക്ലാസിൽ പ്രവേശിച്ചത്. ഇവരോടൊപ്പം മുണ്ടകത്തിൽ ചാക്കോ തോമസ് ജിജി ജോർജ്ജ് ദമ്പതികൾക്ക് ഒറ്റ പ്രസവത്തിലൂടെ ജനിച്ച മരിയാ ചാക്കോ, എലിസബത്ത് ചാക്കോ, സോളമൻ ചാക്കോ എന്നിവർ യുകെജിയിലേക്കും പ്രവേശിച്ചു.
മറ്റ് വിദ്യാർത്ഥികൾക്കൊപ്പം പ്രധാന അധ്യാപിക റോസ് കെ ജേക്കബ്, അധ്യാപകരായ റോസ് ലിൻ സ്റ്റാനി, സിസ്റ്റർ അനിറ്റ്, നിഷ ആൻസി എസ്, തോമസ് മാത്യു, ലിസാ സാജു, മോനിഷ എം, എലിസബത്ത് ആന്റണി, ബിനി സോനു എന്നിവർ ചേർന്ന് പൂവും ചെറിയ ബൊക്കയും നൽകി ഇവരെ സ്വീകരിച്ചു. സകൂളിൽ എത്തി പുതിയ കൂട്ടുകാരെ കിട്ടിയ ആവേശത്തിലാണ് ഒൻപത് പേരും. സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക് പുതിയതായി 40 കുട്ടികളാണ് പ്രവേശിച്ചത്. എൽകെജി മുതൽ നാലാം ക്ലാസ്സുവരെയുള്ള ഇവിടെ 210 കുട്ടികൾ പഠിക്കുന്നുണ്ട്.