എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് മുഹമ്മദ് ഷഹബാസ് വീശിയ ചുവന്ന ടവല്‍
ഇന്ത്യന്‍ റെയില്‍വേയെ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെടിത്തിയിരിക്കുകയാണ് ഒരു പന്ത്രണ്ടുകാരന്‍. ബീഹാറിലെ സമസ്തിപൂരില്‍ സംഭവിക്കേണ്ടിയിരുന്ന ഒരു വലിയ അപകടം മുഹമ്മദ് ഷഹബാസ് എന്ന പന്ത്രണ്ടുകാരന്‍റെ ഇടപെടലിലൂടെയാണ് ഇല്ലാതായത്. മുസാഫർപൂർ റെയിൽവേ ലൈനിൽ ഭോല ടാക്കീസ് ഗുംതിക്ക് സമീപമാണ് സംഭവം. ഷഹബാസും സുഹൃത്തുക്കളും റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടി കടന്ന് പോകുമ്പോള്‍ പാളം തകര്‍ന്നു കിടക്കുന്നത് കണ്ടു. ഈ സമയം എതിര്‍വശത്ത് നിന്നും ഒരു ട്രെയിന്‍ പാഞ്ഞ് വരികയായിരുന്നു. മുഹമ്മദ് ഷഹബാസ് തന്‍റെ കൈയിലുണ്ടായിരുന്ന ചുവന്ന ടവല്‍ വീശി ലോക്കോമോട്ടീവ് പൈലറ്റിന്‍റെ ശ്രദ്ധ പിടിച്ചെടുത്തു. അപകട സൂചന ലഭിച്ച ലോക്കോമോട്ടീവ് ഹൗറ-കോത്‌ഗോദം എക്‌സ്‌പ്രസ് നിർത്തിയപ്പോള്‍ രക്ഷപ്പെട്ടത് നിരവധി ജീവനുകള്‍.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പാളത്തില്‍ വലിയൊരു വിള്ളല്‍ വീണതായി കാണാം. സമസ്തിപൂര്‍ ടൌണ്‍ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ‘സമസ്തിപൂരിൽ, ഒരു കുട്ടി ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു, തകർന്ന ട്രാക്ക് കണ്ടപ്പോൾ, ചുവന്ന ടൌവല്‍ കാണിച്ച് ട്രെയിൻ നിർത്തി, ഒരു വലിയ അപകടം ഒഴിവായി …’ എന്ന് കുറിച്ചു. ‘ഞങ്ങൾ വീട്ടിലേക്ക് പോകുമ്പോൾ തകർന്ന റെയിൽവേ ട്രാക്കുകൾ കണ്ടു. ഈ സമയം ഒരു ട്രെയിൻ വരുന്നത് ഞങ്ങൾ കണ്ടു. ലോക്കോ പൈലറ്റ് ഞങ്ങളെ നോക്കിയപ്പോള്‍ എന്‍റെ ചുവന്ന ടവല്‍ വീശി. ഇത് കണ്ട് ട്രെയിന്‍ നിർത്തി.’ മുഹമ്മദ് ഷഹബാസ് വീഡിയോയില്‍ പറയുന്നു. വീഡിയോയില്‍ ചിലര്‍ റെയില്‍വേ പാളം പരിശോധിക്കുന്നതും കാണാം.