National

ആരും തോൽപ്പിക്കില്ലെന്ന് കരുതിയ സ്മൃതി ഇറാനി അമേഠിയിൽ തോറ്റത് എങ്ങനെ? ഗാന്ധി കുടുംബത്തിൻ്റെ അഭിമാനം കാത്ത് കിഷോരി ലാൽ ശർമ്മ

Spread the love

ഒരിക്കൽ ഗാന്ധി കുടുബത്തിൻ്റെ കുത്തക മണ്ഡലമായിരുന്ന അമേഠിയിൽ ഇത്തവണ മത്സരിക്കാൻ രാഹുൽ ഗാന്ധിയോ, പ്രിയങ്കയോ തയ്യാറായിരുന്നില്ല. 2019ൽ നേരിട്ട തോൽവിയുടെ കയ്പുതന്നെയായിരുന്നു ഗാന്ധി കുടുബത്തിൻ്റെ പിന്മാറ്റത്തിൻ്റെ കാരണം. പകരക്കാരനായി കോൺഗ്രസ് കണ്ടെത്തിയത് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയെ ആയിരുന്നു. വലിയ സസ്പെൻസ് നിലനിർത്തിയായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. എന്നാൽ കിഷോരി ലാൽ ഗാന്ധി കുടുംബത്തിൻ്റെ പ്യൂൺ ആണന്നും ദുർബലനായ സഅഥാനാർഥിയാണ് എന്നൊക്കെയായിരുന്നു എതിരാളികൾ പ്രചരിപ്പിച്ചത്. അപ്പോഴൊക്കെയും ഞാൻ കരുത്തനാണ്, എനിക്ക് ജനങ്ങളെയറിയാം, ഞാൻ വിജയിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രചാരണങ്ങളുമായി മുന്നോട്ടു പോവുകയാണ് അദ്ദേഹം ചെയ്തത്. പറഞ്ഞതുപോലെ തന്നെ കിഷോരി ലാൽ ബിജെപിയിൽ നിന്നും, സ്മൃതി ഇറാനിയിൽ നിന്നും അമേഠിയെ തിരിച്ചുപിടിച്ചു. അതും 164331 വോട്ടിൻ്റെ വ്യക്തമായ ഭൂരിപക്ഷത്തിൽ

2019ൽ 55,000ൽ അധികം വോട്ടുകൾക്കാണ് രാഹുൽ ​ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. 49.71% വോട്ടു വിഹിതമാണ് അന്ന് ബിജെപി നേടിയത്. 2014ൽ അമേഠിയിൽ മത്സരിച്ച് രാഹുൽ ഗാന്ധിയോട് ഏറ്റുമുട്ടി പരാജയപ്പെട്ട സ്മൃതി മണ്ഡലത്തിൽ തൻ്റെ പ്രവർത്തനം കേന്ദ്രീകരിച്ചു. ഗാന്ധി കുടുംബം വിജയിച്ച ശേഷം മണ്ഡലത്തിൽ തിരിഞ്ഞു നോക്കാറില്ലെന്നതായിരുന്നു ബി.ജെ.പിയുടെ ആരോപണം. 2019ൽ തെരഞ്ഞടുപ്പിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ അട്ടിമറി വിജയം നേടിയ ശേഷവും സ്മൃതി ഇറാനി അമേഠിയിലെ പ്രവർത്തനം തുടർന്നു. കേന്ദ്രമന്ത്രി സ്ഥാനം അതിനൊരിക്കലും തടസ്സമായിരുന്നില്ല. മവായ് ഗ്രാമത്തിൽ സ്വന്തമായി ഒരു വീടുപോലും സ്മൃതി ഇറാനി നിർമ്മിച്ചു. ഫെബ്രുവരി 22ന് വീടിൻ്റെ ഗൃഹപ്രവേശനവും നടത്തി.

ബിജെപിയോ, സ്മൃതി ഇറാനിയോ കിഷോരി ലാലിനെ ഒരു ഒത്ത എതിരാളിയായി കണക്കാക്കിയിരുന്നില്ല. 2004 മുതൽ 2019 വരെ അമേഠിയിൽ മത്സരിച്ചു ജയിച്ച രാഹുൽ ഗാന്ധി തോൽവി ഭയന്ന് മണ്ഡലത്തിൽനിന്ന് ഓടിപ്പോയെന്നും തൻ്റെ വിജയത്തെ ഇത് അനായാസമാക്കിയെന്നുമായിരുന്നു സ്മൃതി ഇറാനി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. മണ്ഡലം രൂപീകരിച്ചത് മുതൽ 2019 വരെ കോൺഗ്രസിൻ്റെ കുത്തക മണ്ഡലമായിരുന്നു അമേഠി. രണ്ടുതവണ മാത്രമായിരുന്നു കോൺഗ്രസ് ഇവിടെ പരാജയപ്പെട്ടത്. അടിയന്തരാവസ്ഥയെത്തുടർന്ന് 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധിയെ ജനതാ പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിംഗ് പരാജയപ്പെടുത്തി. പിന്നീട് 1998ൽ ബിജെപിയുടെ സഞ്ജയ് സിങ് കോൺഗ്രസിൻ്റെ സതീഷ് ശർമ്മയെ പരാജയയപ്പെടുത്തി. കുടുംബസ്വത്ത് പോലെ ഗാന്ധി കുടുംബം കൊണ്ടു നടന്ന ഒരു മണ്ഡലമാണ് രാഹുലിനെ അട്ടിമറിച്ച് സ്മൃതി ഇറാനി സ്വന്തമാക്കിയത്. വീണ്ടുമൊരിക്കൽ ഇവിടെ മത്സരിക്കാനുള്ള ആത്മവിശ്വാസം പോലും ഇതോടെ ഗാന്ധികുടുംബത്തിന് ഇല്ലാതായി. അതിനാൽ തന്നെ ഗാന്ധി കുംബത്തിൽ നിന്ന് ഇവിടെ മത്സരിക്കാൻ ആരും തയ്യാറയതുമില്ലയ. കൂടുതൽ സുരക്ഷിതമെന്നു തോന്നിയ റായ്ബറേലിയാണ് രാഹുൽ ഗാന്ധി മത്സരിക്കാനായി തെരഞ്ഞെടുത്തത്.

എന്നാൽ, ബി.ജെ.പിയുടെ അമിത ആത്മവിശ്വാസത്തെയും കോൺഗ്രസിൻ്റെയും ഗാന്ധി കുടുബത്തിൻ്റെ ആശങ്കയെയും അസ്ഥാനത്താക്കി കിഷോരി ലാൽ അമേഠിയിൽ നിന്നും ജയിച്ചുകയറി. അമേഠയെ നന്നായി അറിയുന്ന വർഷങ്ങളോളം താഴേത്തട്ടിൽ പ്രവർത്തിച്ചു പരിചയമുള്ള കിഷോരി ലാൽ ഗാന്ധി കുടുംബത്തിനുവേണ്ടി അമേഠി തിരിച്ചുപിടിച്ചു. തൻ്റെ വിജയത്തിന് അദ്ദേഹം നന്ദി പറയുന്നത് ഗാന്ധി കുടുംബത്തിനും ഇന്ത്യാ സഖ്യത്തിനുമാണ്. പ്രത്യേകിച്ചും പ്രിയങ് ഗാന്ധിയ്ക്കാണ് വിജയത്തിനു ശേഷം കിഷോരി ലാൽ നന്ദി പറഞ്ഞത്. പ്രിയങ്കയും കിഷോരി ലാലിനെ അഭിനന്ദിച്ച് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടാഴ്ചയോളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രിയങ്ക പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിക്കു വേണ്ട് റായ്ബറേലിയിലും പ്രചാരണം നടത്തിയിരുന്നു. ഇരു മണ്ഡലങ്ങളിലും മിന്നുന്ന പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെച്ചത്. 390030 വോട്ടുകൾക്കാണ് ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങിനെ രാഹുൽ പിന്നിലാക്കിയത്.