‘സാധാരണ നിലയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നതെങ്കിൽ 2004 ആവർത്തിക്കും’; എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മന്ത്രി എം.ബി രാജേഷ്
എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മന്ത്രി എം ബി രാജേഷ്. 2004 ന് സമാനമാണ് എക്സിറ്റ് പോൾ ഫലങ്ങൾ,
പ്രീപോളും , എക്സിറ്റ് പോളും പറഞ്ഞത് വാജ്പേയ് വീണ്ടും വരും എന്നാണെന്നും
അതിന് വിപരീതമായി വന്നുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നിലയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നതെങ്കിൽ 2004 ആവർത്തിക്കും.എക്സിറ്റ് പോളിന് ബിജെപിയെ കേരളത്തിൽ ജയിപ്പിക്കാമെന്നും എന്നാൽ
ജനങ്ങളുടെ വോട്ട് കൊണ്ട് ജയിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ബാർ കോഴക്കേസിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന് പ്രതിപക്ഷം കരുതി.ഒരു ദിവസം കൊണ്ട് കോഴ ആരോപണത്തിൻ്റെ മുന ഒടിഞ്ഞു. സാധാരണ വിവാദങ്ങൾ ഒരു മാസമെങ്കിലും നീണ്ടു നിൽക്കും.
എന്നാൽ പ്രതിപക്ഷത്തിന് ഇത്തവണ ലഭിച്ചത് തുരുമ്പിച്ച ആയുധമാണ്.പ്രതിപക്ഷം കൂടുതൽ നല്ല ആയുധം തേടുന്നത് നല്ലതായിരിക്കുമെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേർത്തു.
അതേസമയം നാളെയാണ് രാജ്യം കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി. വോട്ടെണ്ണലിനായി
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാളെ രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണി തുടങ്ങും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യവും, ബിജെപിയും നല്‍കിയ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ഇന്നുണ്ടാകും. ഉച്ചയ്ക്ക് 12 30ന് കമ്മിഷന്‍ വാര്‍ത്താസമ്മേളനം നടത്തും. കോണ്‍ഗ്രസ് ബിജെപി പക്ഷങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളിലും ആക്ഷേപങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണവും ഇതിന്റെ ഭാഗമായി ഉണ്ടാകും.
രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകള്‍ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവില്‍ വോട്ടെണ്ണലിലേക്ക് കടക്കുമ്പോള്‍ ആദ്യം പോസ്റ്റല്‍ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും ആകും എണ്ണുക. വോട്ടെണ്ണല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഉടന്‍തന്നെ ആദ്യമാകുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാസംവിധാനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിജയാഹ്ലാദപ്രകടനത്തില്‍ അടക്കം നിയന്ത്രണങ്ങള്‍ വേണമെന്ന് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടു.