National

എക്സിറ്റ് പോൾ ഫലങ്ങൾ വകവയ്ക്കാതെ വൈ എസ് ആർ കോൺഗ്രസ്; ആന്ധ്രാപ്രദേശിൽ സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ചു

Spread the love

എക്സിറ്റ് പോൾ ഫലങ്ങൾ വകവയ്ക്കാതെ ആന്ധ്രാപ്രദേശിൽ സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ച് വൈ എസ് ആർ കോൺഗ്രസ്. ജൂൺ 9ന് വിശാഖപട്ടണത്ത് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടിയിലെ രണ്ടാമൻ സജ്ജല രാമകൃഷ്ണ റെഡ്ഡി പറഞ്ഞു. എന്നാൽ ഇതിനിടെ ജൂൺ നാലിന് ശേഷം ജഗൻ മോഹൻ റെഡ്ഡിയുടെ സ്ഥാനം ജയിലിലായിരിക്കുമെന്ന് ടി.ഡി.പി ദേശീയ വക്താവ് പട്ടാഭി റാം കൊമ്മൊറെഡ്ഡി തിരിച്ചടിച്ചു. സംസ്ഥാനത്ത് ഇന്ത്യ മുന്നണി ദുർബലമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവുവും പറഞ്ഞു.

പാർലമെൻ്റിനെ കൂടാതെ അസംബ്ലിയിലേക്കും തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രപ്രദേശിൽ ടിഡിപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനാണ് എക്സിറ്റ് പോളുകൾ സാധ്യത പ്രവചിച്ചിരിക്കുന്നത്. എന്നാൽ എക്സിറ്റ്പോൾ ഫലങ്ങളെ വൈഎസ്ആർ കോൺഗ്രസ് പൂർണ്ണമായും തള്ളുന്നു. ഒരു പടി കൂടി കടന്ന് ജഗൻ മോഹൻ റെഡിയുടെ സത്യപ്രതിജ്ഞ ചടങ്ങും വൈ എസ് ആർ കോൺഗ്രസ് തീരുമാനിച്ചു. ജൂൺ 9ന് വിശാഖപട്ടണത്ത് ജഗൻ മോഹൻ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടിയിലെ രണ്ടാമനും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ സജ്ജല രാമകൃഷ്ണ റെഡ്ഡി പറഞ്ഞു. നാളെ രാവിലെ 11 മണിയോടുകൂടി ആഘോഷ പരിപാടികൾ ആരംഭിക്കാനും പാർട്ടിയണികളോട് ആഹ്വാനം ചെയ്തു.

തികഞ്ഞ വിജയപ്രതീക്ഷയിലാണ് തെലുങ്കുദേശം പാർട്ടിയും. പാർട്ടി പ്രവർത്തകർ വമ്പൻ ആവേശത്തിലാണ്. പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങളേക്കാൾ മികച്ച വിജയമായിരിക്കും ടിഡിപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം നേടുകയെന്ന് ദേശീയ വക്താവ് പട്ടാഭി റാം കൊമ്മൊറെഡ്ഡി പറഞ്ഞു. ജഗൻ മോഹൻ റെഡി വിശാഖപട്ടണത്തേക്ക് പോകേണ്ടി വരുന്നത് സത്യപ്രതിജ്ഞയ്ക്കല്ല, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ആയിരിക്കുമെന്നും പരിഹസിച്ചു.

വൈ എസ് ആർ കോൺഗ്രസും ടിഡിപിയും വലിയ അവകാശവാദങ്ങളുമായി മുന്നോട്ടു വരുമ്പോൾ സംസ്ഥാനത്ത് വലിയ ചലനമൊന്നും ഉണ്ടാക്കില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് മൂന്നാം മുന്നണിയായി ഉയർന്നു വരുമെന്ന് കരുതിയിരുന്ന ഇന്ത്യ സഖ്യത്തിലെ നേതാക്കൾ. വൈ എസ് ആർ കോൺഗ്രസിന്റെയും ടിഡിപിയുടെയും അവകാശവാദങ്ങൾക്ക് ആയുസ് എത്രയുണ്ടെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.