Kerala

‘പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണം’: മുഖ്യമന്ത്രി

Spread the love

പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി. പൊതുജനങ്ങളോട് അടുത്ത് ഇടപഴകുന്ന സർക്കാർ സംവിധാനമാണ് പൊലീസ്. ആ നിലയിൽ സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുന്ന വിഭാഗമാണ് പൊലീസ്. നിങ്ങളുടെ തികച്ചും സുതാര്യമായ പ്രവർത്തനമാണ് ഉണ്ടാകേണ്ടത്. ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും ആരോടാണ് ചങ്ങാത്തം കൂടെണ്ടാത്തതെന്നും തികഞ്ഞ ജാഗ്രത പാലിച്ചിരിക്കണം.

പരാതികളുമായി സ്റ്റേഷനിൽ എത്തുന്നവർക്ക് തങ്ങളുടെ പരാതിക്ക് പരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരികെ പോകാൻ കഴിയണം.തൃശ്ശൂർ പോലീസ് അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിന് അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗുണ്ടകളുടെ വിരുന്നുകളിലടക്കം പൊലീസുകാർ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.

പരിശീലനം പൂര്‍ത്തിയാക്കിയ 448 പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ ഇന്നു വൈകിട്ട് നടന്ന ചടങ്ങില്‍ കേരള ആംഡ് വനിതാ പോലീസ് ബറ്റാലിയനിലെ 290 വനിതകളും കെ.എ.പി അഞ്ചാം ബറ്റാലിയനിലെ 158 പുരുഷന്മാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമായത്.

ശ്രീക്കുട്ടി എം.എസ് പരേഡ് കമാൻ്ററും അമൽ രാജു സെക്കൻ്റ് കമാൻ്ററും ആയിരുന്നു. മികച്ച ഇൻഡോർ കേഡറ്റായി രേണുക എം.എസ്, അമിത്ത് ദേവ് എന്നിവരും ഷൂട്ടറായി ഐശ്വര്യ കെ.എ, അഫിൻ ബി. അജിത്ത് എന്നിവരും ഔട്ട് ഡോർ കേഡറ്റായി ശ്രീക്കുട്ടി എം.എസ്, അമൽ രാജു എന്നിവരും ഓൾ റൗണ്ടർമാരായി ശ്രീക്കുട്ടി. എം. എസ്, സൂരജ് ബാബുരാജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഒന്‍പതുമാസത്തെ അടിസ്ഥാനപരിശീലനത്തിന്‍റെ ഭാഗമായി ഇവര്‍ക്ക് ഔട്ട്ഡോര്‍ വിഭാഗത്തില്‍ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഡ്രില്‍, ലാത്തി, മോബ് ഓപറേഷന്‍, ബോംബ് ഡിറ്റക്ഷന്‍, സെല്‍ഫ് ഡിഫന്‍സ്, കരാട്ടെ, യോഗ, നീന്തല്‍, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നല്‍കി. ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിംഗ്, കോസ്റ്റല്‍ സെക്യൂരിറ്റി ട്രെയിനിംഗ്, ജംഗിള്‍ ട്രെയിനിംഗ് എന്നിവയ്ക്ക് പുറമെ അത്യാധുനിക ആയുധങ്ങളില്‍ ഫയറിംഗ് പരിശീലനവും നല്‍കിയിട്ടുണ്ട്.

ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം, മറ്റു നിയമങ്ങള്‍, പോലീസ് സ്റ്റേഷന്‍ മാനേജ്മെന്‍റ്, ട്രാഫിക് മാനേജ്മെന്‍റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്സ്, ഇന്‍റേണല്‍ സെക്യൂരിറ്റി, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, കമ്പ്യൂട്ടര്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് റൂം പരിശീലനവും നല്‍കിയിട്ടുണ്ട്.

പ്രളയക്കെടുതികള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിലെ വിദഗ്ധരും ഇവര്‍ക്ക് പരിശീലനം നല്‍കി. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സുരക്ഷാ അധിനിയം എന്നിവയില്‍ പരിശീലനം സിദ്ധിച്ച ആദ്യത്തെ പോലീസ് കോണ്‍സ്റ്റബിള്‍ ബാച്ചും ഇതാണ്.

കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങള്‍ക്ക് അര്‍ത്തുങ്കല്‍, ഫോര്‍ട്ട് കൊച്ചി തീരദേശ പോലീസ് സ്റ്റേഷനുകളില്‍ കോസ്റ്റല്‍ സെക്യൂരിറ്റിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫോറന്‍സിക് മെഡിസിനിലും പ്രായോഗിക പരിശീലനം നല്‍കി. പരിശീലന കാലത്തുതന്നെ ക്രമസമാധാന പാലനം ഉൾപ്പെടെയുള്ള വിവിധ ചുമതലകളിൽ ഇവരെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 1758 പോലീസ് ഉദ്യോഗസ്ഥരാണ് കേരള പൊലീസിൻ്റെ ഭാഗമായത്. ഇതില്‍ 1468 പുരുഷന്‍മാരും 290 വനിതകളും ഉള്‍പ്പെടുന്നു. മെയ് 28ന് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ 461 പേരും 31ന് കെ.എ.പി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ 374 പേരും പങ്കെടുത്തു. ജൂണ്‍ ഒന്നിന് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ 475 പേരും ഇന്ന് കേരള പോലീസ് അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ 448 പേരും പങ്കെടുത്തു.