Saturday, February 22, 2025
Kerala

പത്ത് വയസുള്ള 2 പെൺകുട്ടികളോട് ലൈംഗിക അതിക്രമം; റിമാൻഡിൽ കഴിയവേ 51 കാരനെതിരെ വീണ്ടും പോക്സോ കേസ്

Spread the love

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അമ്പത്തിയൊന്നുകാരനെതിരെ വീണ്ടും പോക്സോ കേസ്. പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിനാണ് ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെ താമരശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് അഷ്റഫിനെതിരെയാണ് ഏഴ് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയയതിന് താമരശ്ശേരി പൊലീസ് വീണ്ടും കേസെടുത്തത്.

താമരശ്ശേരിയില്‍ അഷറഫിന്‍റെ ചൂഷണത്തിന് ഇരയായ കുട്ടികള്‍ വിവരം കൂട്ടുകാരിയോട് പറഞ്ഞിരുന്നു. കൂട്ടുകാരിയാണ് രക്ഷിതാക്കളെ അറിയിച്ചത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ പ്രതി കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലാണ്. പിന്നാലെയാണ് പ്രതി നടത്തിയ മറ്റൊരു അതിക്രമത്തിന്റെ വിവരം കൂടി പുറത്തുവരുന്നത്. ഏഴ് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന കാര്യം രക്ഷിതാക്കളാണ് താമരശ്ശേരി പൊലീസിനെ അറിയിച്ചത്.

അതിക്രമ വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി പൊലീസ് അഷ്റഫിനെതിരെ പോക്സോ വകുപ്പ് പ്രകാരം മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇരകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. അമ്പത്തിയൊന്നുകാരനായ പ്രതി പെയിന്റിംഗ് തൊഴിലാളിയാണ്.