Kerala

4 വയസുകാരൻ അനസ്തേഷ്യയെ തുടർന്ന് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Spread the love

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാലു വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ്. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം.

കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് നാലുവയസുകാരനായ മുഹമ്മദ് ഷാനിലിനെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്‍പ്പസമയത്തിനു ശേഷം കുഞ്ഞ് മരിച്ചു. മരണകാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അതേ സമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സകളാണ് കുഞ്ഞിനു നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.