Kerala

‘ഇടതുപക്ഷ മുന്നണിയിൽ നിന്ന് പോകില്ല’; മുസ്ലിം ലീഗ് പ്രവേശനം തള്ളി അഹമ്മദ് ദേവർകോവിൽ

Spread the love

മുസ്ലിം ലീഗ് പ്രവേശനം തള്ളി ഹമ്മദ് ദേവർകോവിൽ. ഇടതുപക്ഷ മുന്നണിയിൽ നിന്ന് പോകില്ലെന്നും മുസ്ലിം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വാർത്ത വസ്തുതയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മസ്ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. മുസ്ലിം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരുമായി ബന്ധപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മണ്ണാർകാട് ഐഎൻഎൽ സംഘടിപ്പിച്ച പരിപാടിക്ക് പോകുന്നതിനിടെ പള്ളയിൽ സമസ്തയുടെ ഒരു മുൻ പ്രസിഡന്റിന്റെ ഖബർസ്ഥാൻ സന്ദർശിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലീഗ് കേന്ദ്രങ്ങൡ നിന്നാണ് പ്രചാരണം ഉണ്ടായതെന്നും ഐഎൻഎല്ലിൽ നിന്ന് പുറത്താക്കപ്പെട്ട ചിലരുമാണ് വാർത്ത പ്രചരിപ്പിച്ചതെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.

പ്രാഥമിക ചർച്ചകൾ നടന്നതായായിരുന്നു പുറത്തുവരുന്ന വിവരം. കെ.എം.ഷാജി അടക്കമുള്ള നേതാക്കളാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്നായിരുന്നു വാർത്ത. എന്നാൽ കെഎം ഷാജി അടുത്ത ബന്ധമുള്ളയാളല്ലെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മുസ്ലിം ലീ​ഗിന് അകത്തുള്ള പ്രശ്നങ്ങൾ വഴി തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.